KOYILANDY DIARY.COM

The Perfect News Portal

ആരോഗ്യ ബോധവല്‍ക്കരണവും സര്‍വേയും നടത്തി

ഫറോക്ക് > ഡിഫ്തീരിയ ബാധിച്ച് വിദ്യര്‍ഥി മരിച്ചതിനെത്തുടര്‍ന്ന് ബേപ്പൂര്‍ മാറാട് രാജീവ് കോളനിയിലും പരിസരത്തും ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ ബോധവല്‍ക്കരണവും സര്‍വേയും നടത്തി. മരിച്ച കുട്ടിയുടെ വീട്ടിലെ എല്ലാവര്‍ക്കും പ്രതിരോധ വാക്സിനുകളും നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം ബേപ്പൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ മുതലായിരുന്നു സര്‍വേയുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍.

വ്യാഴാഴ്ചയാണ് കൊണ്ടോട്ടി പുളിക്കലില്‍നിന്ന് ഡിഫ്ത്തീരിയ ബാധിച്ച് ഉമ്മയുടെ വീടായ മാറാട് രാജീവ് കോളനിയിലെത്തിയ അഫ്ഷാസ്(14) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. അഫ്ഷാസുമായി അടുത്തിടപഴകിയ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ഇവിടെയായതിനാലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയത്.

വെള്ളിയാഴ്ച രാവിലെ രാജീവ് കോളനിയിലെ വീട്ടിലെത്തിയ ആരോഗ്യവകുപ്പിലെ സംഘം വീണ്ടും വിശദവിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് വീട്ടിലെ എല്ലാവര്‍ക്കും പ്രതിരോധത്തിനായുള്ള ടിഡി വാക്സിന്‍ നല്‍കി. ഗുളികകളും നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ബന്ധുക്കളുടെ തൊണ്ടയില്‍ നിന്നും സ്രവം ശേഖരിച്ച് മെഡിക്കല്‍ കോളേജിലേക്ക് പരിശോധനക്കയച്ചു.

Advertisements

മെഡിക്കല്‍ സംഘം രാവിലെ മുതല്‍ രാജീവ് കോളനിയിലെ 50 വീടുകളും സമീപത്തെ മറ്റു നൂറിലേറെ വീടുകളിലും സര്‍വേ നടത്തി. സമാന ലക്ഷണമുള്ള ഒരാളെയും ഇവിടെ കണ്ടെത്താനായില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഉച്ചക്കുശേഷം കോളനിയിലെ അങ്കണവാടിയില്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ളാസും സംഘടിപ്പിച്ചു. എല്‍എച്ച്ഐ രാധാമണി, ഇന്ദിര എന്നിവര്‍ ക്ളാസെടുത്തു.

പരിശോധനക്ക് ഡോ. ഷാജു നേതൃത്വംനല്‍കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ ധനരാജ്, ജെഎച്ച്ഐ പ്രസാദ് തുടങ്ങിയവര്‍ ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.  രാജീവ് കോളനിയില്‍ ശനിയാഴ്ച പ്രതിരോധ കുത്തിവെപ്പ് നടക്കും. രാവിലെ പത്തുമുതല്‍ സ്ഥലത്തെ അങ്കണവാടിയില്‍ നടക്കുന്ന ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. സരജ നേതൃത്വംനല്‍കും.

Share news