ആയുര്‍വേദ ആശുപത്രികളിലെ കിടപ്പുരോഗികളുടെ ഭക്ഷണക്രമത്തില്‍ നിന്ന് റൊട്ടി ഒഴിവാക്കി

തിരുവനന്തപുരം: സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളിലെ കിടപ്പുരോഗികളുടെ ഭക്ഷണക്രമത്തില്‍ നിന്ന് റൊട്ടി ഒഴിവാക്കി. ഇതിന് പകരമായി പുട്ട്, ഗോതമ്ബ്, ചെറുപയര്‍ കറി, റവ, ഉപ്പുമാവ്, ഓട്ട്സ് എന്നിവ ഒന്നിടവിട്ട ഉള്‍പ്പെടുത്തിയാണ് ഭക്ഷണക്രമം പുനക്രമീകരിച്ച് ഉത്തരവായത്.
ഇവയില്‍ 150 ഗ്രാം വീതം ഉള്‍പ്പെടുത്തിയാണ് ഭക്ഷണക്രമം പുനക്രമീകരിച്ച് ഉത്തരവിറക്കിയിട്ടുള്ളത്. ഒരു രോഗിക്ക് ദിവസം 75 രൂപ നിരക്കില്‍ അനുവദിച്ചിട്ടുണ്ട്. ആയൂര്‍വേദ ആശുപത്രികളില്‍ കഞ്ഞി, പയര്‍, പാല്, റൊട്ടി എന്നിവയാണ് കിടപ്പ് രോഗികള്‍ക്ക് ദീര്‍ഘകാലമായി ഭക്ഷണമായിനല്കിയിരുന്നത്. എന്നാല്‍ റൊട്ടി രോഗികള്‍ക്ക് ഗുണകരമല്ലെന്നും മൈദയുടെ അംശം ദോഷകരമാണെന്നും ആയുര്‍വേദ വകുപ്പിലെ വിദഗ്ധസംഘത്തിന്റെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് റൊട്ടി ഒഴിവാക്കണമെന്നും പകരം വിഭവങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും കാണിച്ച് ഭാരതീയ ചികിത്സാ വകുപ്പ് ദീര്‍ഘകാലമായി ആവശ്യം ഉയര്‍ത്തിയിരുന്നതാണ്.

ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ ശ്രദ്ധയില്‍ വിഷയം എത്തിയതോടെയാണ് ആവശ്യം പരിഗണിക്കപ്പെട്ടത്. നിലവിലുള്ള കഞ്ഞിയും പാലും തുടരുന്നതിനൊപ്പം പാല് കഴിക്കാന്‍ പറ്റാത്തവര്‍ക്ക് ഓട്ട്സ് ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിള്ളത്.

