KOYILANDY DIARY.COM

The Perfect News Portal

അവധിക്കാലം: കെഎസ്‌ആര്‍ടിസിയുടെ വരുമാനത്തില്‍ വന്‍ വര്‍ധന; പ്രതിദിനം സര്‍വീസ് നടത്തിയത് 4800-5000 ബസ്സുകള്‍

തൃശൂര്‍: അവധിക്കാലത്ത് യാത്രക്കാരുടെ തിരക്കേറിയതിനെത്തുടര്‍ന്ന് കെഎസ്‌ആര്‍ടിസിയുടെ വരുമാനം വന്‍ തോതില്‍ വര്‍ധിച്ചു.

സംസ്ഥാനതലത്തില്‍ മാര്‍ച്ച്‌ മാസത്തിലേക്കാള്‍ ഏപ്രിലില്‍ പ്രതിദിനം 50 മുതല്‍ 75 ലക്ഷംവരെ വരുമാനത്തില്‍ വര്‍ധനയുണ്ടെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ പറഞ്ഞു. പ്രതിദിനം 4800-5000 ബസുകളാണ് സര്‍വീസ് നടത്തുന്നത്. മാര്‍ച്ചില്‍ ശരാശരി പ്രതിദിന വരുമാനം 5.75 കോടിയായിരുന്നത് ഏപ്രിലില്‍ ശരാശരി 6.5 കോടി രൂപയായി വര്‍ധിച്ചു.

ചില ദിവസങ്ങളില്‍ വരുമാനം ഏഴു കോടി രൂപയില്‍ കൂടുതലാണ‌്. വിഷുവിന്റെ പിറ്റേന്ന് ഏപ്രില്‍ 16നാണ‌് റെക്കോഡ് വരുമാനം-7.35 കോടി രൂപ. ഏപ്രില്‍ 17ന് 7.27 കോടിയും ഈസ്റ്ററിനു പിറ്റേന്ന് ഏപ്രില്‍ 22ന് 6.85 കോടിയും വരുമാനമുണ്ടായി. അതേ സമയം കഴിഞ്ഞ മാസം ഏറ്റവും വരുമാനമുണ്ടായ മാര്‍ച്ച്‌ രണ്ടിന് 6.82 കോടിയും മാര്‍ച്ച്‌ 11ന് 6.45 കോടിയും മാര്‍ച്ച്‌ 18ന് 6.55 കോടിയുമായിരുന്നു.

Advertisements

സംസ്ഥാനത്ത് 94 കെഎസ്‌ആര്‍ടിസി ഡിപ്പോകളില്‍ ഉയര്‍ന്ന വരുമാനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനാണ്. 85 ബസുകള്‍ സര്‍വീസ് നടത്തുന്ന ഇവിടെ 25 മുതല്‍ 30 ലക്ഷംവരെയാണ് പ്രതിദിന വരുമാനം.

പാലക്കാട് ഡിപ്പോയില്‍ 13 മുതല്‍ 15 ലക്ഷം വരെയും എറണാകുളത്ത് 13-14 ലക്ഷവും തൃശൂരില്‍ 12-13 ലക്ഷവും കോഴിക്കോട്ട‌് 14-15 ലക്ഷവും കണ്ണൂരില്‍ 14-15 ലക്ഷവുമാണ് പ്രതിദിന വരുമാനം.

ശരശാരി ഓരോ ബസില്‍നിന്നുമുള്ള വരുമാനം 14,500 രൂപയാണ്. പല ഡിപ്പോകളിലും ഇപ്പോള്‍ നിശ്ചയിച്ച ടാര്‍ഗറ്റിനെക്കാള്‍ വരുമാനമുണ്ട്. കെഎസ്‌ആര്‍ടിസിയുടെ നഷ്ടം നല്ല രീതയില്‍ കുറച്ചുകൊണ്ടുവരാനും ഇതിടയാക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

കെഎസ്‌ആര്‍ടിസിയുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍വീസുകള്‍ ശാസ്ത്രീയമായി ക്രമപ്പെടുത്തുന്ന സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് കെഎസ്‌ആര്‍ടിസി ഓപ്പറേഷന്‍സ് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടര്‍ പി എം ഷറഫ് മുഹമ്മദ് പറഞ്ഞു.

ഒരേ റൂട്ടില്‍ ഒന്നിലധികം ബസുകള്‍ ഒന്നിച്ച്‌ പുറപ്പെടുന്ന രീതി അവസാനിപ്പിച്ച്‌ സമയം ക്രമപ്പെടുത്തും. ദീര്‍ഘദൂരയാത്രക്കാര്‍ക്കും ഹ്രസ്വദൂര യാത്രക്കാര്‍ക്കും ഓരോ പത്തു മിനിറ്റിലും ഏതു സ്റ്റേഷനില്‍നിന്നും ബസ‌് കിട്ടാവുന്ന അവസ്ഥയുണ്ടാക്കും.

ദീര്‍ഘദൂരയാത്രക്കാര്‍ക്ക് സൂപ്പര്‍ഫാസ്റ്റോ ഡീലക്സോ എക്സ്പ്രസോ ലഭ്യമാക്കും. തൃശൂരില്‍നിന്ന് തെക്കോട്ടുള്ള സര്‍വീസുകളില്‍ ഇത് ആദ്യഘട്ടത്തില്‍ പ്രാവര്‍ത്തികമാക്കും. തൃശൂരില്‍നിന്ന് വടക്കോട്ട് കോഴിക്കോടുവരെ ഓരോ 15 മിനിറ്റിലും സൂപ്പര്‍ഫാസ്റ്റ് കിട്ടാവുന്ന സ്ഥിതി നിലവിലുണ്ട്. ഇത് മറ്റു ജില്ലകളിലേക്കും അടുത്ത ഘട്ടത്തില്‍ വ്യാപിപ്പിക്കും.

ഇതോടൊപ്പം ഇപ്പോള്‍ സര്‍വീസ് കുറവുള്ള സ്ഥലങ്ങളിലേക്കും കെഎസ്‌ആര്‍ടിസി സര്‍വീസ‌് ഇല്ലാത്ത സ്ഥലങ്ങളിലേക്കും ബസുകള്‍ തിരിച്ചു വിടും. നേരത്തേ സര്‍വീസ് നിര്‍ത്തിവച്ച റൂട്ടുകളില്‍ പുനരാരംഭിക്കും. ഇത് പൊതുവേ വരുമാനത്തില്‍ വര്‍ധനയുണ്ടാക്കും.

ബംഗളൂരു ഉള്‍പ്പെടെ അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ നിലവില്‍ കെഎസ്‌ആര്‍ടിസിക്ക് 48 ഷെഡ്യൂളാണുള്ളത്. നാലു ഷെഡ്യൂള്‍കൂടി അധികം താമസിയാതെ ആരംഭിക്കും. അവധിക്കാലത്ത് അന്തര്‍സംസ്ഥാന യാത്രക്കാര്‍ക്ക് ഇത് കൂടുതല്‍ പ്രയോജനമാകും. എല്ലാ മേഖലകളിലേക്കുമുള്ള യാത്രക്കാര്‍ക്കും പരമാവധി സൗകര്യമൊരുക്കും വിധം കെഎസ്‌ആര്‍ടിസിയുടെ മുഴുവന്‍ സര്‍വീസുകളും ഫലപ്രദമായി വിനിയോഗിക്കാനാണ് ശ്രമിച്ചുവരുന്നതെന്നും എക്സിക്യുട്ടീവ് ഡയറക്ടര്‍ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *