അഭിമന്യൂവിന്റെ ഓര്‍മകളില്‍ മഹാരാജാസിന്റെ യൂണിയന് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

കൊച്ചി: അഞ്ചുമാസം മുമ്പ് പ്രിയമകന്റെ ജീവനറ്റ ശരീരം കിടത്തിയ മഹാരാജാസ് ഓഡിറ്റോറിയത്തില്‍ ആ അമ്മയും അച്ഛനും ഒരിക്കല്‍ക്കൂടി എത്തി. മകന്റെ ചിരിക്കുന്ന മുഖമുള്ള കൂറ്റന്‍ കട്ടൗട്ടിനെ സാക്ഷിയാക്കി അവര്‍ വിളക്കുകൊളുത്തി. നൂറുകണക്കിന് അഭിമന്യുമാരായിരുന്നു അപ്പോള്‍ അവര്‍ക്കു ചുറ്റും. ‘ആരു പറഞ്ഞു മരിച്ചെന്ന്… ജീവിക്കുന്നു ഞങ്ങളിലൂടെ’ ആ കണ്ഠങ്ങള്‍ ഉച്ചത്തില്‍ ചൊല്ലിക്കൊണ്ടിരുന്നു. എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയം ചൊവ്വാഴ്ച വേദിയായത് വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക്. വര്‍ഗീയവാദികള്‍ ജീവനെടുത്ത തങ്ങളുടെ പ്രിയകൂട്ടുകാരന്റെ സ്മരണയില്‍ മഹാരാജാസിലെ വിദ്യാര്‍ഥികള്‍ കലാലയ യൂണിയന് പരിപാടികള്‍ക്ക് തുടക്കംകുറിച്ചു.
മഹാരാജാസ് കോളേജ് യൂണിയന് ഉദ്ഘാടനച്ചടങ്ങിനെത്തിയ അഭിമന്യുവിന്റെ അമ്മ ഭൂപതിയും അച്ഛന് മനോഹരനും അഭിമന്യുവിന്റെ ചിത്രത്തിനുമുന്നില്‍ വിതുമ്പിപ്പോയപ്പോള്‍ മഹാരാജാസിന്റെ ചുവരില്‍ അഭിമന്യു അവസാനം എഴുതിയതും ഇന്ന് ലോകമാകെ ഏറ്റുപറയുകയും ചെയ്യുന്ന ആ മുദ്രാവാക്യം തന്നെയായിരുന്നു കലാലയ യൂണിയന് തുടക്കത്തിനും അവര്‍ നല്കിയ പേര്: ‘ഒദിയോ കമ്യൂണല്‍’ (വര്‍ഗീയത തുലയട്ടെ എന്നര്‍ഥം വരുന്ന സ്പാനിഷ് വാക്യം).

അഭിമന്യുവിന്റെ പ്രസ്ഥാനം നയിക്കുന്ന കോളേജ് യൂണിയന്റെ ഔദ്യോഗിക ഉദ്ഘാടനമായിരുന്നു ബുധനാഴ്ച. അതിനു തുടക്കംകുറിക്കാന്‍ വട്ടവട കോട്ടക്കാമ്ബൂരില്നിന്നാണ് അഭിമന്യുവിന്റെ അച്ഛന് മനോഹരനും അമ്മ ഭൂപതിയും കോളേജിലെത്തിയത്. വാഹനം കോളേജ് ഗേറ്റ് കടന്നപ്പോള്‍ മുദ്രാവാക്യം വിളികളോടെ അഭിമന്യുവിന്റെ കൂട്ടുകാര്‍ അവരെ വരവേറ്റു. പൊട്ടിക്കരഞ്ഞുകൊണ്ട് കാറില്നിന്നറിങ്ങിയ അവരെ വേദിയിലേക്ക് നയിച്ചു. അഭിമന്യുവിനൊപ്പം കുത്തേറ്റ് തലനാരിടയ്ക്ക് രക്ഷപ്പെട്ട അര്‍ജുനും മറ്റു കൂട്ടുകാരും ചേര്‍ന്ന് ആ അമ്മയെ താങ്ങി.ചിരിക്കുന്ന മകന്റെ കട്ടൗട്ട് വേദിയില്‍ കണ്ട അവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. നാന്‍പെറ്റ മകനേ എന്നു പൊട്ടിക്കരഞ്ഞ അവരെ പണിപ്പെട്ടാണ് വേദിയിലെ കസേരയിലിരുത്തിയത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് വിളക്ക് തെളിച്ച് യൂണിയന് പരിപാടികള്‍ക്ക് തുടക്കമിട്ടു.

കോളേജ് യൂണിയന് ചെയര്മാന് അരുണ്‍ ജഗദീശന് അധ്യഷനായി. നടന് ഹരിശ്രീ അശോകന് മുഖ്യാതിഥിയായി. നടന് സാജു നവോദയ ആര്‍ട്സ് ക്ലബ്ബിന്റെ ഉദ്ഘാടനവും സംഗീതസംവിധായകന് സേജോ ജോണ്‍ മ്യൂസിക് ക്ലബ്ബിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. സാഹിത്യക്ലബ് തിരക്കഥാകൃത്ത് സനൂപ് തൈക്കുടം ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. കെ എന്‍ കൃഷ്ണകുമാര്‍, ഡോ. ജയമോള്‍, സജിത് കുറുപ്പ്, ഡോ. മുരളി തുടങ്ങിയവര്‍ സംസാരിച്ചു.

