അധ്യാപക നിയമനത്തിനും വിദ്യാര്‍ഥി പ്രവേശനത്തിനും മാനേജ്മെന്റുകള്‍ പണംവാങ്ങുന്നത് അഴിമതിയുടെ കൂട്ടത്തില്പെടുമെന്ന് പിണറായി

തലശേരി : അധ്യാപക നിയമനത്തിനും വിദ്യാര്‍ഥി പ്രവേശനത്തിനും മാനേജ്മെന്റുകള്‍ പണംവാങ്ങുന്നത് അഴിമതിയുടെ കൂട്ടത്തില്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പ്ളസ്ടു സ്കൂളിന്റെ ഭാഗമായതോടെ മാനേജ്മെന്റ് ക്വാട്ടയെന്ന് പറഞ്ഞ് വിദ്യാര്‍ഥി പ്രവേശ്നത്തിനടക്കം ലക്ഷങ്ങള്‍ കൊടുക്കേണ്ട അവസ്ഥയാണ്. ഇതൊന്നും നമ്മുക്ക് ഭൂഷണമല്ല. വിദ്യാഭ്യാസരംഗത്ത് സ്വീകരിക്കേണ്ട മാതൃകയുമല്ല. ഇത് ഉപക്ഷിേക്കാന് ബന്ധപ്പെട്ടവര്‍ മുന്‍കൈയെടുക്കണം. പഴയക്രൈസ്തവ മിഷനറിമാരും മറ്റു ചില സംഘടനകളും വ്യക്തികളും എങ്ങനെ സ്കൂള്‍ നടത്തിയിരുന്നോ അതേ രീതിയില്‍ ലാഭമാഗ്രഹിക്കാതെ സ്കൂളുകള്‍ നടത്തുകയാണ് വേണ്ടതെന്നും പിണറായി പറഞ്ഞു.
തലശേരി സെന്റ് ജോഫ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പൂര്‍വവിദ്യാര്‍ഥികളുടെ ആഗോളസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമേഖലയിലെ നല്ല ശീലങ്ങള്‍ക്ക് വലിയതോതില്‍ ആഘാതമേല്കുന്നത് അണ്‍എയ്ഡഡ് സ്ഥാപനങ്ങളുടെ വരവോടെയാണെന്ന് പിണറായി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാശുണ്ടാക്കാനുള്ള വഴിയാണെന്ന ചിന്തയാണ് ഇതിലൂടെ വന്നത്. കാശുള്ളവര്‍ക്കും വലിയ ലാഭം ആഗ്രഹിക്കുന്നവര്ക്കുമെല്ലാം കടന്നുവരാനുള്ള ഒന്നാണ് വിദ്യാഭ്യാസമേഖലയെന്ന നിലവന്നു. ഒന്നും ആഗ്രഹിക്കാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിയവരടക്കം ഇത് കാണുകയാണ്. ആ ദൂഷ്യം മെല്ലേ നിഷ്കാമ കര്മികളിലേക്കും കിനിഞ്ഞിറങ്ങി. ഇപ്പോള്‍ അത്യപൂര്‍വം മാനേജ്മെന്റുകള്‍ മാത്രമേ കാശില്‍ നിന്ന് മാറിനില്കുന്നുള്ളൂ. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നെങ്കില്‍ ക്രൈസ്ത മാനേജ്മെന്റുകള്‍ ഇതില്‍ നിന്ന് മാറിനില്കുന്നവരാണെന്ന് പറയാമായിരുന്നു. ഇപ്പോള്‍ അങ്ങനെ പറയാനാവില്ല.

ആദ്യകാലത്ത് മറ്റൊന്നും കാംക്ഷിക്കാതെയാണ് കൃസ്ത്യന്മിഷനറിമാര് വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തിയത്. നഗരങ്ങളിലും ഗ്രാമങ്ങളിലുമായി ഒട്ടേറെ സ്കൂളുകള്‍ അങ്ങനെ സ്ഥാപിക്കപ്പെട്ടു. ചിലര്‍ ഈ പ്രവര്‍ത്തനത്തെ മറ്റുതരത്തില്‍ വക്രീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മതംമാറ്റത്തിനായി കൃസ്ത്യന്മിഷനറിമാര് നടത്തിയതാണെന്ന് ആക്ഷേപിച്ചവരുമുണ്ട്. ജാതിമതഭേദമില്ലാതെയാണ് ഇത്തരം സ്കൂളുകളില്വിദ്യാര്ഥികളെ പ്രവേശിപ്പിച്ചത്.

സ്കൂളുകള്‍ സ്ഥാപിച്ച വ്യക്തികളും സംഘടനകളുമെല്ലാം ഒരു ലാഭവും പ്രതീക്ഷിച്ചല്ല അക്കാലത്ത് തങ്ങളുടെ സമ്പാദ്യം സ്കൂളുകള്‍ക്ക് വേണ്ടി ചെലവഴിച്ചത്്. ചില മാനേജ്മെന്റുകള്‍ അധ്യാപക നിയമനത്തിനൊക്കെ ചില്ലറ വാങ്ങുന്ന നിലയുണ്ടായിരുന്നെങ്കിലും അക്കാലത്ത് ക്രൈസ്തവ മാനേജ്മെന്റുകള്‍ പൊതുവെ അതില്‍ നിന്ന് ഒഴിവായിരുന്നുവെന്നും പിണറായി പറഞ്ഞു.

