അത്തോളി ജി.എം.യു.പി സ്‌ക്കൂൾ നൂറിന്റെ നിറവിൽ

കൊയിലാണ്ടി: ഒട്ടേറെ പ്രതിഭകള്‍ വളര്‍ന്നു വന്ന അത്തോളി ജി.എം.യു.പി.സ്കൂള്‍ നൂറിന്റെ നിറവില്‍. ഒരേക്കര്‍ സ്ഥലത്ത് ശാന്തവും സുഖകരവുമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനുള്ള ചുറ്റുപാടും മികച്ച കെട്ടിടങ്ങളുമുള്ളതാണ് ഈ പൊതുവിദ്യാലയം.
1918ലാണ് അത്തോളിയിലെ രണ്ടാമത്തെ വിദ്യാലയമായി ഈ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. 1960കളുടെ അവസാനം സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും ലഭിച്ചു.ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന സി.എച്ച്.മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് സ്കൂളിന് ഒരേക്കര്‍ സ്ഥലവും കെട്ടിടവും ലഭിച്ചത്.

സ്ഥലം എം.എല്‍.എ പുരുഷന്‍ കടലുണ്ടിയുടെ സമഗ്ര വിദ്യാലയ വികസന പദ്ധതിയായ ‘എന്റെ സ്കൂള്‍’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച ക്ലാസ്സ് മുറികള്‍ കൂടാതെ പുതുതായി അനുവദിച്ച 25 ലക്ഷം രൂപയ്ക്ക് നിര്‍മ്മിക്കുന്ന ക്ലാസ്സുകളുടെ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. അതിന് പുറമെ എസ്.എസ്.എ. അനുവദിച്ച ക്ലാസ്സ് മുറികളും ഇവിടെയുണ്ട്. അത്തോളി ഗ്രാമ പഞ്ചായത്ത് സ്കൂളിലേക്കാവശ്യമായ കമ്പ്യൂട്ടറുകളും ഫര്‍ണ്ണിച്ചറുകളും മറ്റ് സഹായങ്ങളും ചെയ്തിട്ടുണ്ട്.

സ്കൂള്‍ ലൈബ്രറി, ശാസ്ത്ര ലാബ് എന്നിവയും ഇവിടെയുണ്ട്. എങ്കിലും 770ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സൂളില്‍ ആവശ്യമായ ക്ലാസ് മുറികള്‍ ഇപ്പോഴുമില്ല. പത്തോളം ക്ലാസ്സ് മുറികള്‍ ഇപ്പോഴും പഴയ കെട്ടിടത്തിലാണ്. ചുറ്റുമതിലും പ്രവേശന കവാടവും ഈ സ്കൂളിന് ഇല്ല. അക്കാദമിക മികവിലും ചിട്ടയായ പ്രവര്‍ത്തനത്തിലും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ജി.എം.യു.പി. സൂളിന് കഴിയുന്നുണ്ട്.

