അടുത്ത മാസം മുതല്‍ വയനാട് ചുരത്തില്‍ പാര്‍ക്കിംഗിന് നിരോധനം

കല്‍പ്പറ്റ: അടുത്ത മാസം മുതല്‍ വയനാട് ചുരത്തില്‍ പാര്‍ക്കിംഗിന് നിരോധനം. കോഴിക്കോട് വയനാട് ജില്ലാ കളക്ടര്‍മാരുടെയും ജനപ്രധിനിധികളുടെയും ഉന്നതതല ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. ചുരത്തില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ ലക്കിടിയില്‍ സൗകര്യമൊരുക്കും. ചുരത്തിന്റെ സംരക്ഷണത്തിന് നവംബര്‍ ഒന്ന് മുതല്‍ ഗാര്‍ഡുകളെ നിയമിക്കും. ഇതിന് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരെ തിരഞ്ഞെടുക്കുന്നതിന് ഡി.ടി.പി.സിയെയും പുതുപ്പാടി ഗ്രാമപഞ്ചായത്തിനെയും ചുമതലപ്പെടുത്തി.
മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയാന്‍ സി.സി.ടി.വി. സംവിധാനവും സ്ഥിരമായ പൊലീസ് നിരീക്ഷണവുമുണ്ടാകും. ലക്കിടി മുതല്‍ ഒമ്ബതാം വളവു വരെ വൈത്തിരി ഗ്രാമപഞ്ചായത്തും ബാക്കി ഭാഗം പുതുപ്പാടി ഗ്രാമപഞ്ചായത്തും സഹകരിച്ച് മാലിന്യം നീക്കം ചെയ്യാന്‍ ധാരണയായി.

നിലവിലുള്ള റോഡ് യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണി ചെയ്യാന്‍ എന്‍.എച്ച്. വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വളവുകള്‍ വീതി കൂട്ടി ഇന്റര്‍ലോക്ക് ചെയ്യുന്നതിന് വനം പൊതുമരാമത്ത് മന്ത്രിതല ചര്‍ച്ചക്ക് ശുപാര്‍ശ ചെയ്തു. ചുരം വൈദ്യുതീകരണത്തിനാവശ്യമായ പ്രവര്‍ത്തനം നടത്താന്‍ വകുപ്പുതല ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
തകരപ്പാടിയില്‍ ടോയ്ലറ്റ് സൗകര്യമൊരുക്കാന്‍ ഡി.ടി.പി.സിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചുരത്തിലെ ബഹുനില കെട്ടിട നിര്‍മ്മാണങ്ങള്‍ തടയുന്നതിന് സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും. അമിതഭാരം കയറ്റിയ വാഹനങ്ങളുടെ ചുരത്തിലൂടെയുള്ള നീക്കം കര്‍ശനമായി നിയന്ത്രിക്കും.ആയതിന് അടി വാരത്ത് വേ ബ്രിഡ്ജ് സ്ഥാപിക്കും. അടിവാരത്ത് ഫയര്‍ഫോഴ്സ് സ്റ്റേഷന് നിലവില്‍ വരുന്നതിന് വേണ്ട നടപടികള്‍ ത്വരിതപ്പെടുത്തി.

