അക്രമ സമരത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ അക്രമ സമരത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ. സെക്രട്ടറിയറ്റ് മാർച്ചിനിടെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള കേസിലാണ് നടപടി. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് പത്തനംതിട്ട അടൂരിലെ വീട്ടിൽ നിന്ന് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന് വിശദമായി ചോദ്യംചെയ്യും.

കഴിഞ്ഞ ഡിസംബറിൽ സെക്രട്ടറിയറ്റിനു മുന്നിൽ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു. പൊലീസിനു നേരെയടക്കം വ്യാപകമായ ആക്രമണമായിരുന്നു അഴിച്ചുവിട്ടത്. ഇതേത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഒന്നാം പ്രതി. കേസില്‍ എംഎല്‍എമാരായ ഷാഫി പറമ്പില്‍, എം വിന്‍സെന്റ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ നാലാം പ്രതിയാണ്. പൊതുമുതല്‍ നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

