ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു
.
ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി. അധ്യാപകന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടെന്ന് തെളിഞ്ഞു. ക്ലാസ്സിൽ ബോഡി ഷേമിങ്ങും, കളിയാക്കലുകളും പതിവെന്ന് കണ്ടെത്തി. വിചിത്രമായ ശിക്ഷാരീതികളും ഇവിടെ നടപ്പിലാക്കിയതായിട്ടാണ് വിവരം. വരും ദിവസങ്ങളിൽ കൂടുതൽ വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തും എന്ന് യുവജന കമ്മീഷൻ അധ്യക്ഷൻ എം ഷാജർ പറഞ്ഞു. അതേസമയം ജാതി അധിക്ഷേപം നേരിട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തനായി, അന്വേഷണസംഘം നിതിൻ രാജന്റെ വീട്ടിലെത്തി. കണ്ണൂരിൽ നിന്നുള്ള അന്വേഷണസംഘം നിതിൻ രാജിന്റെ വീട്ടിലെത്തിയത്.

അധ്യാപകനായ റാം സാറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായിട്ടാണ് വിദ്യാർത്ഥികൾ രംഗത്ത് എത്തിയിരിക്കുന്നത്. വിദ്യാർത്ഥിയായ നിതിന്റെ മരണത്തെത്തുടർന്ന് കോളേജിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് അധ്യാപകന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് വിദ്യാർത്ഥികൾ വെളിപ്പെടുത്തൽ നടത്തിയത്. മാതാപിതാക്കളുടെ സാമൂഹിക പദവിയും സാമ്പത്തിക അവസ്ഥയും നോക്കിയാണ് അധ്യാപകൻ അവരോട് സംസാരിക്കുന്നതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.

വിദ്യാർത്ഥികളുടെ സാമ്പത്തിക പശ്ചാത്തലത്തെക്കുറിച്ച് ക്ലാസ്സിൽ പരസ്യമായി ചർച്ച ചെയ്യുകയും, അച്ഛന്റെ ജോലി എന്താണെന്നും ശമ്പളം എത്രയാണെന്നും ചോദിക്കാറുണ്ടെന്നും ഇവർ പറയുന്നു. കൂടാതെ, വിദ്യാർത്ഥികളെ ബോഡി ഷെയ്മിംഗിന് ഇരയാക്കുന്നതായും ജാതിപരമായും നിറത്തിന്റെ പേരിലും അധിക്ഷേപിക്കുന്നതായും പരാതിയുണ്ട്.




