കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ബാംഗ്ലൂരിൽ നിന്നും റോഡ് മാർഗ്ഗവും ട്രെയിൻ മാർഗ്ഗവും മയക്കുമരുന്ന് എത്തിച്ച് ചില്ലറവിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയായ കോഴിക്കോട് പയ്യാനക്കൽ വള്ളിയിൽ പറമ്പ് കളരിക്കൽ വീട് കെ പി മണിയുടെ മകൻ നന്ദകുമാർ (28) ആണ് പിടിയിലായത്. കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ എ.സി.പി. കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്കാഡും ഫറോക്ക് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 100 ഗ്രാം MDMA യുമായി യുവാവിനെ പിടികൂടിയത്.

ഇന്നലെ രാത്രി ബാഗ്ലൂരിൽ നിന്നും കാറിൽ സഞ്ചരിച്ച് കോഴിക്കോട് ഭാഗത്തേക്ക് മയക്കുമരുന്നുമായി വരുന്നതായുള്ള രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. ഇന്ന് രാവിലെ ഫറോക്ക് കോളേജ് അടിവാരത്തുവെച്ചാണ് മയക്കുമരുന്നും കാറും പിടികൂടിയത്. പ്രതി നേരത്തെ കോഴിക്കോട് ജില്ലയിൽ അടിപിടികേസുകളിലും പ്രതിയായിട്ടുള്ളതാണ്.

കോഴിക്കോട് നഗരത്തിൽ പോലീസിന്റെ പരിശോധന കർശനമാക്കിയതിനെ തുടർന്ന് മയക്കുമരുന്നു വിൽപ്പനക്കാർ ജില്ലാ അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് അതിർത്തികളിൽ പരിശോധന കർശനമാക്കിയിരുന്നു. മറ്റുു സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിൽ എത്തുന്ന മയക്കുമരുന്നിന്റെ ഉറവിടവും വിതരണക്കാരെയും കണ്ടെത്തുന്നതിനായി അന്വേഷണം നടത്തുന്നതാണെന്നും നാർക്കോട്ടിക്ക് സെൽ എ.സി.പി. അറിയിച്ചു.
