യുവ ശാസ്ത്രജ്ഞൻ അഭി എസ്. ദാസിന് ജന്മനാട് സ്വീകരണമൊരുക്കുന്നു
കൊയിലാണ്ടി: അഭി എസ്. ദാസിന് ജന്മനാട് സ്വീകരണമൊരുക്കുന്നു.. രാജ്യത്തിൻ്റെ അഭിമാനമായ ചാന്ദ്രയാൻ – 3 ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച യുവ ശാസ്ത്രജ്ഞൻ കൊയിലാണ്ടി സ്വദേശി അഭി എസ്. ദാസിന് ജന്മനാട് സ്വീകരണമൊരുക്കുന്നു. സപ്തംബർ 9ന് വൈകീട്ട് 4 മണിക്ക് നടക്കുന്ന സ്വീകരണം വിജയിപ്പിക്കുന്നതിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ചെയർമാനായും, പി.വി. സത്യനാഥൻ കൺവീനറായും, കെ. പത്മനാഭൻ ട്രഷററായും 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. കാനത്തിൽ ജമീല എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ, മുൻ എം.എൽ.എ. കെ. ദാസൻ, മുൻ നഗരസഭ വൈസ് ചെയർമാൻ ടി.കെ. ചന്ദ്രൻ മാസ്റ്റർ എന്നിവർ രക്ഷാധികാരികളായി പ്രവർത്തിക്കും. താലൂക്ക് ഹോമിയോ ആശുപത്രി അംഗണത്തിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം ടി.കെ. ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പിവി സത്യനാഥൻ അദ്ധ്യക്ഷതവഹിച്ചു.


നഗരസഭ കൗൺസിലർമാരായ, രജീഷ് വെങ്ങളത്ത് കണ്ടി, സുധ സി, സി സത്യചന്ദ്രൻ, പി. ചന്ദ്രശേഖരൻ, വാളിയിൽ രവി, അനീഷ് കെ. സി.കെ. ആനന്ദൻ, എ. സജീവൻ, രാജു ദിൽവിഹാർ, റെജിൽ വി. ആർ, ശ്യാമള എം.എം എന്നിവർ സംസാരിച്ചു.

അമൃത സ്കൂളിന് സമീപമാണ് അഭി എസ് ദാസിന് സ്വീകരണമൊരുക്കുന്നത്. മുത്തുക്കുടയുടെയും പഞ്ചവാദ്യങ്ങളുടെയും ബാൻ്റ് സംഘങ്ങളുടെയും അകമ്പടിയോടെ വൻ ഘോഷയാത്രയോടെ തുറന്ന വാഹനത്തിലായിരിക്കും അഭി എസ്. ദാസിനെ വേദിയിലേക്ക് ആനയിക്കുക. തുടർന്ന് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ അണിനിരക്കുന്ന സ്വീകരണ പരിപാടിക്കുശേഷം വേദിയിൽ കലാപരിപാടികളും അരങ്ങേറും.

