KOYILANDY DIARY

The Perfect News Portal

സാമൂഹിക പ്രതിബദ്ധതയാർന്ന ”യാമെ” മൈക്രോ മൂവി യൂട്യൂബിൽ തരംഗമാവുന്നു

https://youtu.be/lVbpq-nUZXk?si=QNahCuP1UXaR0VKG
കൊയിലാണ്ടി: സാമൂഹിക പ്രതിബദ്ധതയാർന്ന ”യാമെ” മൈക്രോ മൂവി യൂട്യൂബിൽ തരംഗമാവുന്നു. പ്രതിരോധത്തിന്റെ പാഠങ്ങൾ സമൂഹത്തിന് പകർന്ന യാമെ വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലി നിർമ്മിച്ച ആറ് മിനിറ്റ് ദൈർഘ്യമുള്ള ചിത്രമായ ‘യാമെ’ പോർട്രെയിറ്റ് മൈക്രോ മൂവി ഗണത്തിൽപെടുന്ന ചിത്രമാണ്. ഈ ചിത്രത്തിന്റെ ആശയവും സംവിധാനവും നിർവഹിച്ചത് ജിത്തു കാലിക്കറ്റ് ആണ്. ഛായാഗ്രഹണവും എഡിറ്റിങ്ങും കളറിങ്ങും നിർവഹിച്ചത് കിഷോർ മാധവൻ.  പശ്ചാത്തല സംഗീതം ഒരുക്കിയത് സായി ബാലൻ.
കളിച്ചുല്ലസിച്ചു നടക്കേണ്ട ചെറുപ്രായത്തിൽ നമ്മുടെ കുട്ടികൾ സുരക്ഷിതരല്ല എന്ന ബോധത്തിൽ നിന്നുമാണ് ഈ ചിത്രം പിറവി കൊള്ളുന്നത്. ഒരു പരിധിവരെ അന്യസംസ്ഥാന തൊഴിലാളികൾ കൊച്ചു ബാലികമാരെ പീഡിപ്പിച്ചു കൊന്നതിന്റെ പേരിൽ പിടികൂടുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. സ്വയം പ്രതിരോധിക്കുക എന്ന അർത്ഥമുള്ള ജപ്പാനീസ് ഭാഷയിലുള്ള യാമെ എന്ന പേരുപോലെ തന്നെ ആകർഷകമാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കം.
നമ്മുടെ കുട്ടികൾ ചെറുപ്പത്തിലെ തന്നെ പ്രതിരോധത്തിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിക്കണമെന്ന  സന്ദേശമാണ് കുറഞ്ഞ സമയത്തിനുള്ളിൽ സമൂഹത്തിന് ഈ ചിത്രം പകർന്നു നൽകുന്നത്. ചിത്രത്തിലെ  കേന്ദ്ര കഥാപാത്രങ്ങളെ  അവതരിപ്പിച്ചിരിക്കുന്ന ശ്രീപാർവതി, ആൻസൻ ജേക്കബ്ബ്. അമ്മ വേഷത്തിൽ അൻസി.ടി .പി യും കരാട്ടെ മാസ്റ്ററായി നിതീഷ് പെരുവണ്ണാനും അതിഥി വേഷങ്ങളിൽ ഷിജിത്ത് മണവാളൻ, ഹരി ക്ലാപ്സ്, ജിത്തു കാലിക്കറ്റ് എന്നിവരുമുണ്ട്. യാമെ പോസ്റ്റർ ഡിസൈൻ ചെയ്തത് വിഷ്ണു പി. ആണ്.
കൊയിലാണ്ടിയിലും പരിസരപ്രദേശങ്ങളിലും ആയി ഷൂട്ടിംഗ് നടത്തിയ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർമാർ ഹരി ക്ലാപ്സ്, വിശാഖ് നാഥ് എന്നിവരാണ്. വൺ ടു വൺ മീഡിയയുടെ യൂട്യൂബ് ചാനൽ വഴി നവംബർ ഒന്നിനാണ് യാമെ റിലീസ് ചെയ്തത്. ഇതിനകംതന്നെ പതിനായിരക്കണക്കിനാളുകൾ ചിത്രം കണ്ടുകഴിഞ്ഞു.
https://youtu.be/lVbpq-nUZXk?si=QNahCuP1UXaR0VKG