KOYILANDY DIARY

The Perfect News Portal

പുതുചരിത്രമെഴുതി അഗ്നിരക്ഷാ സേനയിൽ പെൺകരുത്ത്; ആദ്യ ഫയർവുമൺ ബാച്ച് പുറത്തിറങ്ങി

തിരുവനന്തപുരം: സ്‌ത്രീശാക്തീകരണത്തിൽ പുതുചരിത്രമെഴുതി അഗ്നിരക്ഷാ സേനയിൽ വനിതാ ബറ്റാലിയനിൽ ആദ്യബാച്ചിന്റെ പാസിങ്‌ ഔട്ട്‌ പരേഡ്‌ നടന്നു. ഫയർവുമൺ തസ്തികയിൽ നിയമിതരായ 82 വനിതകളാണ്‌ സേനയുടെ ഭാഗമായത്‌. സംസ്ഥാന സർക്കാരിന്റെ വനിതാദിന സമ്മാനം കൂടിയാണ് ഇത്‌. ഒന്നാം പിണറായി സർക്കാരാണ്‌ അഗ്നിരക്ഷാ സേനയിൽ വനിതകളെ നിയമിക്കാൻ തീരുമാനിച്ചത്‌. തുടർന്ന്‌ ഫയർവുമൺ തസ്തികയിലേക്ക്‌ പിഎസ്‌സി വിജ്ഞാപനമിറക്കി.

പരീക്ഷയും ശാരീരികക്ഷമതാ പരിശോധനയുമടക്കം നടത്തിയാണ്‌ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുത്തത്‌. തുടക്കത്തിൽ 100 തസ്തികയാണ്‌ സൃഷ്ടിച്ചത്‌. കോഴിക്കോട്‌, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ 15 വീതവും മറ്റു ജില്ലാ ആസ്ഥാനങ്ങളിൽ അഞ്ചെണ്ണം വീതവും. ഇതിൽ യോഗ്യത നേടിയ 82 പേർക്കായിരുന്നു ആറു മാസത്തെ പരിശീലനം. അടുത്ത ആറു മാസം ഫീൽഡുതല പരിശീലനമുണ്ടാകും. തുടർന്ന്‌ ജില്ലാ ആസ്ഥാനങ്ങളിൽ നിയമിക്കും. ജില്ലകളിൽ താമസത്തിനും വിശ്രമത്തിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്‌. ഒരു കോടി രൂപയാണ്‌  ഇതിനായി വിനിയോഗിച്ചത്‌.

 

സ്‌ത്രീകൾക്ക്‌ 
അപ്രാപ്യമായതൊന്നുമില്ല : മുഖ്യമന്ത്രി
വനിതാ ഓഫീസർമാർ കടന്നുവരുന്നത്‌ അഗ്നിരക്ഷാസേനയിൽ ലിംഗസമത്വം ഉറപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സേനയിലെ ആദ്യ വനിതാ ബാച്ചിന്റെ പാസിങ്‌ ഔട്ട്‌ പരേഡിൽ സല്യൂട്ട്‌ സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഗ്നിരക്ഷാസേനയിൽ വനിതാ ഓഫീസർമാരെ നിയമിക്കാൻ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരാണ്‌ തീരുമാനിച്ചത്‌. ഇതിന്റെ ഭാഗമായി നൂറ്‌ തസ്തികകളും സൃഷ്ടിച്ചു. സ്ത്രീശാക്തീകരണത്തിന്‌ വേണ്ടി സർക്കാർ മുൻകൈയെടുത്ത്‌ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണിത്‌. സ്ത്രീകൾക്ക്‌ അപ്രാപ്യമായ ഒരു മേഖലയുമില്ലെന്ന്‌ കേരളം പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ്‌.

Advertisements

 

ദുരന്തമുഖങ്ങളിൽ പരിഭ്രാന്തരാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ധൈര്യം പകരാനും അവരെ ചേർത്തുപിടിച്ച്‌ ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടുവരാനും വനിതാ ഓഫീസർമാർക്ക്‌ സാധിക്കും. സാമൂഹ്യ സുരക്ഷയും സ്ത്രീ സുരക്ഷയും ഉറപ്പാക്കാനും ഇവരുടെ സാന്നിധ്യം സഹായകരമാകും. ഏത്‌ ദുരന്തഘട്ടത്തിലും സഹായമെത്തിക്കുന്ന സേനയെന്ന നിലയിലേക്ക്‌ വളരാൻ അഗ്നിരക്ഷാ സേന വളർന്നു. പ്രളയം, കോവിഡ്‌ കാലത്ത്‌ നടത്തിയ പ്രവർത്തനം മാതൃകാപരമായ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു.

 

അഗ്നിരക്ഷാസേന തലവൻ കെ പത്മകുമാർ പങ്കെടുത്തു. സേനാംഗം സ്നേഹ ദിനേശ്‌ പരേഡ്‌ നയിച്ചു. പരിശീലനത്തിൽ മികവ്‌ പുലർത്തിയവർക്ക്‌ മുഖ്യമന്ത്രി ട്രോഫികൾ സമ്മാനിച്ചു. 82 പേരാണ്‌ ആദ്യ ബാച്ചിൽ സേനയുടെ ഭാഗമായത്‌. 23 മുതൽ ഇവരെ വിവിധ ജില്ലകളിൽ നിയോഗിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌ എന്നിവിടങ്ങളിൽ 15ഉം മറ്റ്‌ ജില്ലകളിൽ അഞ്ചും തസ്തിക വീതമാണ്‌ അനുവദിച്ചിരിക്കുന്നത്‌.