അരങ്ങാടത്ത് ഷവർമക്കായി തയ്യാറാക്കിവെച്ചതെന്ന് കരുതുന്ന പഴകിയ കോഴിയിറച്ചി പിടികൂടി

.
കൊയിലാണ്ടി: പുഴുവരിച്ച വൃത്തിഹീനമായ സ്ഥലത്ത് നിന്ന് പഴകിയ ഷവർമ ചിക്കൻ പിടികൂടി. ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ അരങ്ങാടത്ത് പ്രവർത്തിക്കുന്ന എപിആർ ചിക്കൻ എന്ന സ്ഥാപനത്തിൽ നിന്നാണ് ഷവർമക്കായി തയ്യാറാക്കിവെച്ചതെന്ന് കരുതുന്ന എല്ലില്ലാത്ത പഴകിയ കോഴിയിറച്ചി പിടികൂടിയത്. എൽഎസ്ജിഡി ജില്ലാ എൻഫോഴ്സ്മെന്റ് സ്കോഡ്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം, ആരോഗ്യവകുപ്പ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് ചിക്കൻ പിടികൂടിയത്. കൊയിലാണ്ടി മേഖലയിലെ പല സ്ഥാപനങ്ങളിലേക്കും ഷവർമ്മക്കുള്ള ചിക്കനും അനുബന്ധ സാധനങ്ങളും ഇവിടെ നിന്നാണ് തയ്യാറാക്കി നൽകുന്നത്.
.

.
വൃത്തിഹീനമായ സാഹചര്യത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടികൂടുമ്പോൾ സ്ഥാപന ഉടമ അവിടെ ഉണ്ടായിരുന്നില്ല. തൊഴിലാളികളിൽ നിന്ന് നമ്പർ വാങ്ങി വിളിച്ചെങ്കിലും ഇതുവരെയും ഫോൺ എടുക്കുന്നില്ലെന്നാണ് അറിയിന്നത്. പിടിച്ചെടുത്ത ചിക്കനും മറ്റു സാധനങ്ങളും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥാപനത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
.

.
സ്കോഡ് ലീഡർ സി.കെ. രജീഷ്, എൽഎസ്ജിഡി ജോ. ഡയറക്ടർ എൻ.എം. സംജിത്ത് കുമാർ, ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ എച്ച്ഐ പി.എസ്. അശ്വതി, എ. വിബേഷ്, ശുചിത്വ മിഷനിലെ അരുൺ ബാലകൃഷ്ണൻ, എച്ച് ഐ എൻ. രാജൻ, പിങ്ക് പോലീസിലെ എസ്ഐമാരായ വി.കെ. ജമീല, കെ.പി. ലീന സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.കെ. നിഷ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.
