യന്ത്രത്തകരാർ കാരണം കടലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

ബേപ്പൂർ യന്ത്രത്തകരാർ കാരണം കടലിൽ കുടുങ്ങിയ ഫൈബർ വള്ളവും നാല് തൊഴിലാളികളെയും ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം രക്ഷപ്പെടുത്തി. ബേപ്പൂരിലെ ബോട്ട് യാർഡിൽനിന്ന് അറ്റകുറ്റപ്പണി കഴിഞ്ഞ് കപ്പക്കൽ ഭാഗത്തേക്കുപോകവേയാണ് കപ്പക്കൽ ബീച്ച് സ്വദേശി ഒറ്റയിൽ അസീസിന്റെ ഉടമസ്ഥതയിലുള്ള അൽ- അൻസാർ വള്ളം കടലിൽ കുടുങ്ങിയത്.

വിവരമറിഞ്ഞ് ഇൻസ്പക്ടർ ഓഫ് ഗാർഡ് പി ഷൺമുഖന്റെ നേതൃത്വത്തിൽ ബേപ്പൂർ മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം കാരുണ്യ മൊബൈൽ ആംബുലൻസിന്റെ സഹായത്തോടെ വള്ളവും ഇതിലെ തൊഴിലാളികളായ അസീസ്, സലിം, മനാഫ്, ഹനീഫ എന്നിവരെയും സുരക്ഷിതമായി ഹാർബറിലെത്തിച്ചു. സീനിയർ സിപിഒ വിനീത്, സിപിഒമാരായ ഖാസിഫ് മിൽഹാജ്, ഷൈജു, റസ്ക്യൂ ഗാർഡ് രാജേഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

