ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് യുവതിയെ കൊലപ്പെടുത്തി; കോഴിക്കോട് ആൺസുഹൃത്ത് കസ്റ്റഡിയിൽ
.
കോഴിക്കോട് എലത്തൂരിലെ യുവതിയുടെ മരണം കൊലപാതകം. സംഭവത്തിൽ ആൺസുഹൃത്ത് വൈശാഖനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒരുമിച്ച് ആത്മഹത്യ ചെയ്യാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. ബന്ധം വീട്ടിൽ അറിയുമെന്ന് കരുതിയാണ് കൊലപാതകം എന്നാണ് വിവരം.

യുവതിയുമായി ഏറെക്കാലമായി ബന്ധമുണ്ടായിരുന്ന വൈശാഖ്, തങ്ങളുടെ ഈ ബന്ധം സ്വന്തം വീട്ടിൽ അറിയുമോ എന്ന ഭയത്താലാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പ്രാഥമികമായി അറിയിച്ചു. സ്വന്തമായി ഒരു ചെറുകിട വ്യവസായ ശാല നടത്തുന്ന ഇയാൾ, യുവതിയെ അവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ബന്ധം വീട്ടുകാർ അറിയാൻ സാധ്യതയുണ്ടെന്നും അതിനാൽ “നമുക്ക് ഒരുമിച്ച് മരിക്കാം” എന്ന് യുവതിയെ വിശ്വസിപ്പിക്കുകയും മരിക്കാൻ പ്രേരിപ്പിക്കുകയുമായിരുന്നു എന്ന് പോലീസ് പറയുന്നു.

മരണത്തിന് തൊട്ടുമുമ്പ് വൈശാഖ് യുവതിക്ക് ഉറക്കഗുളിക നൽകി. ഗുളിക കഴിച്ചതോടെ യുവതി അബോധാവസ്ഥയിലാവുകയും പാതി മയക്കത്തിലാവുകയും ചെയ്തു. ഈ അവസ്ഥയിൽ യുവതിയെ നിർബന്ധിച്ച് കയറിൽ കെട്ടി തൂങ്ങാൻ ആവശ്യപ്പെടുകയും, തുടർന്ന് യുവതി നിന്നിരുന്ന സ്റ്റൂൾ ഇയാൾ ചവിട്ടി മാറ്റുകയുമായിരുന്നു.

തുടക്കത്തിൽ ഇതൊരു ആത്മഹത്യയാണെന്നാണ് കരുതിയിരുന്നതെങ്കിലും എലത്തൂർ പോലീസിന് തോന്നിയ ചില സംശയങ്ങളാണ് കേസിൽ നിർണ്ണായകമായത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇത് കൊലപാതകമാണെന്ന് തെളിഞ്ഞത്. പ്രതി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണെന്നും ഇയാളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ എന്നും പോലീസ് വ്യക്തമാക്കി.



