KOYILANDY DIARY.COM

The Perfect News Portal

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍

മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തിനിടെ അസ്മയെന്ന യുവതി മരിച്ച സംഭവത്തില്‍ പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍. ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ അസ്മയുടെ ഭര്‍ത്താവ് സിറാജ്ജുദ്ദിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രി 9 മണിയോടെയാണ് വീട്ടില്‍ നടന്ന പ്രസവത്തെ തുടര്‍ന്നുള്ള അസ്മയുടെ മരണം. മലപ്പുറം ചട്ടിപ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു അസ്മയും ഭര്‍ത്താവ് സിറാജുദ്ദീനും. ആശുപത്രിയിലേക്ക് കൊണ്ട് പോകാനോ ചികിത്സ നല്‍കാനോ സിറാജുദ്ദീന്‍ തയ്യാറായില്ല. അഞ്ചാമത്ത പ്രസവമായിരുന്ന അസ്മയ്ക്ക് പ്രസവശേഷം രക്തസ്രാവം ഉണ്ടായി. അമിതമായ രക്തസ്രാവമാണ് അസ്മയെ മരണത്തിലേക്ക് നയിച്ചത് എന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും.

 

ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കളമശേരി മെഡിക്കല്‍ കോളജിലെ മൂന്ന് മണിക്കൂര്‍ നീണ്ട പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമായിരുന്നു കണ്ടെത്തല്‍. മരിച്ച ശേഷം ആരെയും അറിയിക്കാതെ രാത്രി തന്നെ ആoബുലന്‍സ് വിളിച്ച് മൃതദേഹവുമായി പെരുമ്പാവൂരിലേക്ക് പോവുകയായിരുന്നു. ഇയാള്‍ മടവൂര്‍ കാഫില എന്ന പേരില്‍ യൂട്യൂബ് ചാനല്‍ നടത്തുന്നുണ്ട്.

Advertisements
Share news