KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി–താമരശേരി സംസ്ഥാനപാത നവീകരണം പൂർത്തിയായതോടെ അപകടങ്ങൾ തുടർക്കഥയാകുന്നു

കൊയിലാണ്ടി–താമരശേരി സംസ്ഥാനപാത ദേശീയനിലവാരത്തിൽ നവീകരണം പൂർത്തിയായതോടെ അപകടങ്ങൾ തുടർക്കഥയാകുന്നു. കൊയിലാണ്ടി മുതൽ എടവണ്ണ വരെയാണ്‌ റോഡ് നവീകരണം ഏതാണ്ട് പൂർത്തിയായത്‌. നവീകരണം കഴിഞ്ഞ റോഡിലൂടെ അമിതവേഗത്തിലാണ് വാഹനങ്ങൾ വരുന്നത്. പലയിടത്തും ചെറുതും വലുതുമായ അപകടങ്ങൾ പതിവാണ്. കാൽനടയാത്രക്കാർ ഭയത്തോടെയാണ്‌ റോഡ് മുറിച്ചുകടക്കുന്നത്.
നാലുമാസത്തിനിടെ 19 അപകടങ്ങളാണുണ്ടായത്‌. ആറ്‌ ജീവനുകൾ പൊലിഞ്ഞു. ചൊവ്വ രാവിലെ സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് പരിക്കേറ്റ താമരശേരി കോരങ്ങാട് അഖിലും ഭാര്യയും ബുധനാഴ്‌ച  മരിച്ചതാണ്‌ ഒടുവിലത്തെ അപകടമരണം. ബുധൻ രാവിലെ തന്നെ പാലോറ സ്റ്റോപ്പിൽ കാൽനടയാത്രക്കാരിയെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത്‌ ഈ അപകടത്തിന്‌ തൊട്ടുപിന്നാലെ. വെള്ളിയാഴ്ച ഉള്ള്യേരി 19ൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.
Advertisements
ഞായറാഴ്ച കരുമല വളവിൽ ജീപ്പ് റോഡിൽനിന്ന്‌ പെട്ടെന്ന് തെന്നി കലുങ്കിലിടിച്ച്‌ ആറുപേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം പനായിയിൽ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടിരുന്നു. തൊട്ടടുത്ത പറമ്പിലെ തെങ്ങിലിടിച്ചുനിന്നതിനാൽ വലിയ അപകടം ഒഴിവായി. കാലവർഷം ആരംഭിച്ചതോടെ റോഡിൽ അപകട സാധ്യത ഇരട്ടിയാണെന്നും കൂടുതൽ ജാഗ്രത പുലർത്തണമെന്നും പൊലീസ് മുന്നറിയിപ്പ്‌ നൽകി.