KOYILANDY DIARY

The Perfect News Portal

മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ പിടിയിലാകുന്നവരുടെ എണ്ണം വർധിക്കുന്നു: രക്ഷിതാക്കൾ ആശങ്കയിൽ

കൊയിലാണ്ടി: നാട്ടിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ പിടിയിലാകുന്നവരുടെ എണ്ണം വർധിക്കുമ്പോൾ രക്ഷിതാക്കളും ആശങ്കയിൽ. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ മയക്കുമരുന്ന്‌ ഉപയോഗത്തിൽ കുടുങ്ങുന്നതാണ്‌ ആശങ്കയുണ്ടാക്കുന്നത്‌. നഗരത്തിൽ മയക്കുമരുന്ന്‌ സംഘങ്ങൾ വിലസുന്നതായി നാട്ടുകാർ പറയുന്നു. നിരവധിപേരെ പൊലീസും എക്സൈസും പിടികൂടി. കഴിഞ്ഞവർഷം മയക്കുമരുന്നുമായി ബന്ധപ്പെട്ട 38 കേസാണ്‌ കൊയിലാണ്ടി പൊലീസ് രജിസ്റ്റർചെയ്തത്.
2023 ൽ മെയ്‌ വരെ 53 കേസും. എംഡിഎംഎ, ഹാഷിഷ്‌ ഓയിൽ, കഞ്ചാവ്‌ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ടെന്ന്‌ എസ്‌ഐ അനീഷ് വടക്കയിൽ പറഞ്ഞു. മയക്കുമരുന്ന് കുത്തിവയ്ക്കാൻ ഉപയോഗിക്കുന്ന സിറിഞ്ച്‌ ഉൾപ്പെടെ റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള കാടുകളിൽനിന്നും റെയിൽവേ സ്ലീപ്പറുകൾക്കിടയിൽനിന്നും കണ്ടെടുക്കാറുണ്ട്‌. പണി പൂർത്തിയാകാത്ത ചില കെട്ടിടങ്ങളും ബസ്‌ സ്റ്റാൻഡ്‌ പരിസരവുമെല്ലാം ഇവർ കേന്ദ്രമാക്കുന്നു.
Advertisements
കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത മോഷ്ടാവ് കൊയിലാണ്ടി സ്റ്റേഷനിലെ പൊലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇയാൾ മയക്കുമരുന്നിന്റെ അടിമയാണെന്ന് പൊലീസ് പറയുന്നു. മയക്കുമരുന്ന്‌ സംഘത്തെ കണ്ടെത്താൻ സഹായിച്ച എസ്എഫ്ഐ പ്രവർത്തകനെതിരെയും ആക്രമണം നടന്നിരുന്നു. തുടർന്ന്, എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസും ശക്തമായി രംഗത്തിറങ്ങിയതോടെ മയക്കുമരുന്നു ലോബി പിന്നോട്ടുപോയിരുന്നു.
പൊലീസിന്റേതുകൂടാതെ 2022–-ൽ കൊയിലാണ്ടി റെയ്‌ഞ്ച്‌ അതിർത്തിയിൽ 13 കേസ് എക്സൈസ് രജിസ്റ്റർചെയ്‌തു. 2023 ൽ മെയ്‌വരെ 11 കേസും. രണ്ട്‌ കിലോ കഞ്ചാവ്, എംഡിഎംഎ എന്നിവ ഇതിലുണ്ടെന്ന് അസി. എക്സൈസ് ഇൻസ്പെക്ടർ എ പി ദിപീഷ് പറഞ്ഞു. പിടികൂടുന്ന മയക്കുമരുന്നിന്റെ അളവ്‌ കുറയുമ്പോൾ ജാമ്യം ലഭിച്ച് പ്രതികൾ രക്ഷപ്പെടുന്ന പതിവുണ്ട്. ഇതിന്‌ എൻഡിപിഎസ് നിയമത്തിൽ ഉൾപ്പെടെ മാറ്റമുണ്ടാകണം. 44 ഹയർ സെക്കൻഡറി സ്കൂളുകൾ റെയ്‌ഞ്ച്‌ പരിധിയിലുണ്ട്.
എല്ലാ സ്കൂളുകളിലും രാവിലെ ക്ലാസ് തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പും ക്ലാസ് കഴിഞ്ഞ് അരമണിക്കൂർ നേരവും സ്കൂൾ പരിസരത്ത് എക്സൈസ് പരിശോധന നടത്തണമെന്ന് നിർദേശമുണ്ട്. അതിന്‌ അനുസരിച്ചുള്ള അംഗബലം സേനയിൽ റെയ്‌ഞ്ചിലില്ല. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ രഹസ്യമായി പൊലീസിൽ അറിയിക്കാനും പൊതുസ്ഥലത്ത്‌ പ്രതികൾ പിടിയിലായാൽ പൊലീസിനൊപ്പം നിൽക്കാനും പൊതുസമൂഹം ശ്രദ്ധിക്കണമെന്ന് എസ്ഐ എം പി ഷൈലേഷ് പറഞ്ഞു.