ഒളിവുജീവിതം അവസാനിപ്പിച്ച് രാഹുല്‍ ഇന്ന് വോട്ട് ചെയ്യുമോ? ഉറ്റുനോക്കി രാഷ്ട്രീയ കേരളം
.
തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വോട്ടുചെയ്യാനെത്തുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ആദ്യ പീഡനക്കേസില്‍ ഹൈക്കോടതി ഡിസംബര്‍ 15 വരെ അറസ്റ്റ് തടയുകയും രണ്ടാമത്തെ പീഡനക്കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തതോടെ 13 ദിവസത്തെ ഒളിവുജീവിതം അവസാനിപ്പിച്ച് രാഹുല്‍ പുറത്തുവന്നേക്കുമെന്നും വോട്ട് രേഖപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. രാഹുല്‍ എത്തിയാല്‍ അത് തിരഞ്ഞെടുപ്പിനെയാകെ എങ്ങനെ ബാധിക്കും പ്രതിഷേധങ്ങള്‍ ഉണ്ടാകുമോ ബൂത്തില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകുമോ രാഹുലിനൊപ്പം ആരൊക്കെയെത്തും തുടങ്ങിയ വളരെ പ്രധാനപ്പെട്ട ചില ആകാംക്ഷകളാണ് ഏവര്‍ക്കുമുള്ളത്.

പാലക്കാട് കുന്നത്തൂര്‍ മേടിലാണ് രാഹുലിന്റെ വോട്ടുള്ളത്. രാഹുല്‍ എത്തുമോ എന്ന കാര്യം തനിക്കറിയില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. മുന്‍പ് ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് നഷ്ടമായ പ്രതിച്ഛായ തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായത്. എന്നാല്‍ രാഹുല്‍ പ്രചാരണത്തിനിറങ്ങിയതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പലരും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. നവംബര്‍ 27ന് രാഹുല്‍ പാലക്കാട്ടെ കണ്ണാടി പഞ്ചായത്തില്‍ പ്രചാരണം തുടരുന്നതിനിടെയാണ് ആദ്യ കേസ്സിലെ അതിജീവിത പരാതി നല്‍കാനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. വാര്‍ത്തയറിഞ്ഞ രാഹുല്‍ സുഹൃത്തായ നടിയുടെ കാറില്‍ മുങ്ങുകയായിരുന്നു.

ഡിസംബര്‍ ആറിന് ആദ്യ പീഡനക്കേസില്‍ രാഹുലിന്റെ അറസ്റ്റ് തല്‍ക്കാലത്തേക്ക് ഹൈക്കോടതി തടയുകയായിരുന്നു. തുടര്‍ന്ന് രാഹുലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടുപേര്‍ അറസ്റ്റിലായെങ്കിലും രാഹുല്‍ എവിടെയെന്നതിന് ഉത്തരമില്ല. രണ്ടാമത്തെ പീഡനകേസില്‍ അതിജീവിത മൊഴി നല്‍കിയതോടെ രാഹുലിന് മേലുള്ള കുരുക്ക് മുറുകി. എന്നാല്‍ കേസ്സില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ രാഹുല്‍ തിരഞ്ഞെടുപ്പിന് വോട്ടു ചെയ്യാനെത്തുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയകേരളം.




