KOYILANDY DIARY.COM

The Perfect News Portal

വന്യജീവി ആക്രമണം പൂർണമായി തടയാനാകും; മന്ത്രി എ കെ ശശീന്ദ്രൻ

കോഴിക്കോട്‌: സഫാരി പാർക്ക്‌ വരുന്നതുകൊണ്ട്‌ ആ മേഖലയിലെ വന്യജീവി ആക്രമണം പൂർണമായി തടയാനാകുമെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വന്യജീവി വാരാഘോഷത്തിൻറെ സംസ്ഥാനതല സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതി പ്രഖ്യാപിക്കുംമുമ്പ്‌ തെറ്റായ പ്രചാരണം ഉയർത്തിക്കൊണ്ടുവരുന്നത്‌ ശരിയല്ല.  പ്രാരംഭപഠനം മാത്രമാണ്‌ നടന്നത്‌. ഏറ്റവും അനുയോജ്യമായ സ്ഥലത്തേ പാർക്ക്‌ തുടങ്ങൂ.

പാർക്കിന്‌ ചുറ്റും അഞ്ചുമുതൽ അഞ്ചര അടിവരെ ഉയരത്തിൽ വേലി സ്ഥാപിക്കും. വന്യജീവി ആക്രമണം പൂർണമായി തടയാൻ ഇതുവഴി സാധിക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ വികസന പദ്ധതികളെ തുടക്കത്തിലേ തകർക്കാനുള്ള നീക്കം ശരിയല്ല. മലബാർ മേഖലയിൽ വന്യജീവി ആക്രമണം തടയാൻ നബാർഡ് പദ്ധതിയിൽ 144.8 കിലോ മീറ്ററിൽ സൗരോർജ തൂക്കുവേലി സ്ഥാപിക്കാൻ 12.06 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. മൃഗങ്ങൾ വനത്തിന് പുറത്തേക്കിറങ്ങുന്നത് ഒഴിവാക്കാൻ വനത്തിനകത്ത് കുടിവെള്ളം ലഭ്യമാക്കാനും ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

മുഹമ്മദ്‌ അബ്ദുറഹ്‌മാൻ സ്‌മാരക ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ ടി പി രാമകൃഷ്‌ണൻ എംഎൽഎ അധ്യക്ഷനായി. കെ എൻ സച്ചിൻ ദേവ്‌ എംഎൽഎ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി മുഹമ്മദ് ഷബാബ്, ഫോറസ്റ്റ് കൺസർവേറ്റർ എസ് നരേന്ദ്ര ബാബു, മുക്കം മുഹമ്മദ്, ഒ പി അബ്ദുൾ റഹ്മാൻ, പി ടി ആസാദ്, എം കെ മനോജ് കുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ചീഫ്‌ കൺസർവേറ്റർ ഡി ജയപ്രസാദ്‌ സ്വാഗതവും  ഉത്തരമേഖലാ ചീഫ്‌ ഫോറസ്‌റ്റ്‌ കൺസർവേറ്റർ കെ എസ്‌ ദീപ നന്ദിയും പറഞ്ഞു.

 

Share news