KOYILANDY DIARY

The Perfect News Portal

വന്യജീവി ആക്രമണം: ചികിത്സാ ചെലവ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ചട്ടങ്ങളില്‍ ഭേദഗതി

തിരുവനന്തപുരം: വന്യജീവി ആക്രമണം മൂലം പരിക്ക് പറ്റുന്നവര്‍ക്കുള്ള ചികിത്സാ ചെലവ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയതായി മന്ത്രി എ കെ ശശീന്ദ്രൻ. ചികിത്സാ ചെലവ് അനുവദിക്കുന്നതിന് അപേക്ഷകന് നല്‍കിയ ചികിത്സയും ചെലവായ തുകയും സംബന്ധിച്ച് കേരള സര്‍ക്കാര്‍ സര്‍വീസിലെ സിവില്‍ സര്‍ജന്‍ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം വേണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇതിലാണ് ഭേദഗതി വരുത്തിയത്.

സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവര്‍ക്ക് ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ചികിത്സ സംബന്ധിച്ച സാക്ഷ്യപത്രം നല്‍കണം എന്നതായിരുന്നു നിലവിലെ വ്യവസ്ഥ. ഇപ്രകാരം സാക്ഷ്യപത്രം നല്‍കുന്നത് പ്രായോഗികമല്ല എന്ന് ചില സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നതായും നഷ്ട പരിഹാരം ലഭിക്കാതെ വന്നതായും മന്ത്രിയ്ക്ക് പരാതി ലഭിച്ചിരുന്നു. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപത്രം നല്‍കണം എന്ന വ്യവസ്ഥയിലാണ് ഇപ്പോൾ മാറ്റം വരുത്തിയത്.

Advertisements

ഭേദഗതി പ്രകാരം, ഒരു ലക്ഷം രൂപ വരെയുള്ള നഷ്ട പരിഹാരം ലഭിക്കുന്നതിന് പരിക്ക് പറ്റിയ വ്യക്തിയെ ചികിത്സിച്ച രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണറോ അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ സര്‍വ്വീസിലെ മെഡിക്കല്‍ ഓഫീസറോ സാക്ഷ്യപ്പെടുത്തിയാല്‍ മതി. രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചികിത്സാ ചെലവ് നിര്‍ദ്ദിഷ്ട ആവശ്യത്തിനായി നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ സര്‍വീസിലെ മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം.

Advertisements

വന്യമൃഗ ആക്രമണം മൂലം പരിക്ക് പറ്റുന്ന വ്യക്തിയ്ക്ക് ചികിത്സയ്ക്ക് ചെലവാകുന്ന തുകയില്‍ പരമാവധി നല്‍കാവുന്നത് ഒരു ലക്ഷം രൂപയാണ്. പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ചികിത്സാര്‍ത്ഥം ചെലവാകുന്ന മുഴുവന്‍ തുകയും തിരികെ നല്‍കുന്നതാണ്. സ്ഥായിയായ അംഗ വൈകല്യം ഉണ്ടാകുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കുന്നതാണ്.