KOYILANDY DIARY

The Perfect News Portal

കാട്ടാന ആക്രമണം; ഇടുക്കിയിൽ വനംവകുപ്പ്‌ നൽകിയത്‌ 1.90 കോടി രൂപ

ഇടുക്കി: ഇടുക്കിയിൽ കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക്‌ വനംവകുപ്പ്‌ ഇതുവരെ നൽകിയത്‌ 1.90 കോടി രൂപ. സംസ്ഥാന ബജറ്റ്‌ വിഹിതവും പ്രത്യേക അലോട്ട്മെന്റ്‌ വഴിയുമാണ് ഫണ്ട് അനുവദിച്ച്‌ ബന്ധുക്കൾക്കും ആശ്രിതർക്കും നൽകിയത്. കേന്ദ്രത്തിന്റെ പ്രധാന വകുപ്പായിട്ടും യുഡിഎഫ് എംപിമാർ പാർലമെന്റിൽ ഇതുവരെ ഇടപെടൽ നടത്താതെ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ മത്സരിക്കുകയാണ്‌.

ഫണ്ട് അനുവദിപ്പിക്കാനും വന്യജീവി ആക്രമണ പ്രതിരോധ പ്രവർത്തനങ്ങൾക്കായും കേന്ദ്രത്തിൽ ഇടപെടാത്ത ഇവർ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ ഇളക്കിവിടാനാണ് ശ്രമിക്കുന്നത്‌. ഏഴ് വർഷത്തിനുള്ളിൽ ഇടുക്കിയിൽ മാത്രമുണ്ടായ കാട്ടാന ആക്രമണത്തിൽ മരിച്ചത് 20 പേരാണ്‌. 2010 ശേഷം മൂന്നാർ ഡിവിഷന് കീഴിൽ മാത്രം കാട്ടാന ആക്രമണത്തിൽ 46പേർ കൊല്ലപ്പെട്ടു. ഏറ്റവും ഒടുവിൽ നേര്യമംഗലം കാഞ്ഞിരവേലി മുണ്ടേൻ കണ്ടത്തിൽ ഇന്ദിര(65)യെ കാട്ടാന കൊലപ്പെടുത്തി. ഈ വർഷം ഇതുവരെ അഞ്ചുപേർ മരിച്ചു.

 

വനംവകുപ്പ് സംസ്ഥാനത്താകെ 30 കോടി നഷ്ടപരിഹാരം നൽകിയപ്പോൾ ഇടുക്കിയിൽ 1.90 കോടി നൽകി. മരിച്ചവരുടെ ആശ്രിതർക്ക്‌ 10 ലക്ഷം വീതമാണ് നൽകുന്നത്. 2011 മുതൽ 2022 വരെ 70 ലക്ഷം രൂപയാണ് മനുഷ്യ വന്യജീവി സംഘർഷം ഒഴിവാക്കുന്ന പദ്ധതികൾക്കായി മൂന്നാർ ഡിവിഷനിൽ ചെലവഴിച്ചത്. പാമ്പുകടിയേറ്റുള്ള മരണത്തിനും ധനസഹായം നൽകുന്നുണ്ട്‌. കൂടാതെ കൃഷിനാശത്തിനും സഹായംനൽകുന്നു. 2021 ൽ 5.15 കോടി, 2022 ൽ 6.11, 2023 ൽ 4.65, 2024 ഇതുവരെ 14 കോടി എന്നീ ക്രമത്തിലാണ് സംസ്ഥാനത്താകെ മരണം ഉൾപ്പെടെ വിവിധ സംഭവങ്ങളിൽ നഷ്ടപരിഹാരം നൽകിയത്.

Advertisements