KOYILANDY DIARY

The Perfect News Portal

കനത്ത മഴയിൽ വ്യാപകനാശം; ഒരാളെ കാണാതായി

കോഴിക്കോട്‌: ചൊവ്വാഴ്‌ച പെയ്‌ത കനത്ത മഴയിലും കാറ്റിലും ജില്ലയിൽ വ്യാപകനാശം. ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ  കാണാതായി. കൊടിയത്തൂർ തെയ്യത്തും കടവിൽ ഇറങ്ങിയ കാരക്കുറ്റി സ്വദേശി സി. കെ. ഉസ്സൻകുട്ടി (65) യെയാണ്‌ കാണാതായത്‌. ചൊവ്വ വൈകിട്ട് നാലോടെയാണ് സംഭവം. വിവിധയിടങ്ങളിൽ മരം കടപുഴകി വീണ്‌ വീടിനും വാഹനങ്ങൾക്കും നാശമുണ്ടായി.

മുക്കം അഗ്നിരക്ഷാ സേനയും കോഴിക്കോട് നിന്നെത്തിയ സ്കൂബ സംഘവും നാട്ടുകാരും രാത്രി എട്ടരവരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇരുട്ടും പ്രതികൂല കാലാവസ്ഥയും മൂലം തെരച്ചിൽ  നിർത്തി. ബുധൻ രാവിലെ ഏഴിന്‌ തെരച്ചിൽ പുനരാരംഭിച്ചു. കടലുണ്ടി -ചാലിയത്ത്‌ കടൽക്ഷോഭത്തിൽ വീടുകൾ വെള്ളത്തിലായി. മാനാഞ്ചിറ പാർക്കിങ്ങിൽ നിർത്തിയിട്ട കാറും പി എം താജ്‌ റോഡിൽ  ഓട്ടോയും സ്കൂട്ടറും മരം വീണ്‌ തകർന്നു. ചോറോട് മാങ്ങോട്ടുപാറയിൽ കുഞ്ഞിപ്പറമ്പത്ത് എ. സി. രാഘവന്റെ വീടിനുമുകളിൽ  ശക്തമായ മഴയിൽ കൂറ്റൻ പുളിമരം കടപുഴകിവീണു.വീടിന്റെ സൺഷേഡ് തകർന്നു.
Advertisements
എടച്ചേരി  തുരുത്തിയിൽ കനത്ത മഴയിൽ വീട് തകർന്നു. തന്ത്രികണ്ടി കമലയുടെ വീടാണ് തകർന്നത്. ചൊവ്വ വൈകിട്ടാണ് ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര തകർന്നത്. ആളപായമില്ല. പതിയാരക്കര തീരദേശ റോഡിൽ  ബൈത്തുൽ നിമയിൽ നൗഫലിന്റ വീടിനോട് ചേർന്ന സ്ഥലത്തെ മതിൽ ഇടിഞ്ഞ് വീട്ടുമുറ്റത്തേക്ക് വീണു. നൗഫലും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബമാണ് ഇവിടെ താമസിക്കുന്നത്. കുട്ടികൾ കളിക്കുന്ന സ്ഥലത്തോട്‌ ചേർന്നുള്ള മതിലാണ് ഇടിഞ്ഞത്. കുട്ടികൾ സ്കൂളിലും നൗഫലിന്റ ഭാര്യ പുറത്തുമായതിനാലാണ് അപകടം ഒഴിവായത്. കനത്ത മഴ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനിടയാക്കി. 
 
വടകരയിൽ  വക്കീൽ ഗുമസ്‌തൻമാരുടെ കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്ത്‌ പാർക്ക്‌ ചെയ്തിരുന്ന അഡ്വ. ഷമീറിന്റെ കാറിനു മുകളിൽ മരച്ചില്ലവീണ് മുൻഭാഗം ഗ്ലാസ് പൂർണമായി തകർന്നു. വടകര സാൻഡ് ബാങ്ക്സിന്‌ സമീപം വീട് തകർന്നു. വയൽ വളപ്പിൽ സഫിയയുടെ വീടാണ് തകർന്നത്. ഓടിട്ട വീടിന്റ മേൽക്കൂരയാണ് തകർന്നുവീണത്. സംഭവം നടക്കുമ്പോൾ സഫിയയുടെ മകൻ സമീർ വീട്ടിനകത്തുണ്ടായിരുന്നു. ശബ്ദംകേട്ട്  സമീർ വീടിനകത്തുനിന്ന്‌ ഓടിരക്ഷപ്പെടുകയായിരുന്നു. വീട്ടിലെ മറ്റുള്ളവർ പുറത്തുപോയതിനാൽ  അപകടത്തിൽപ്പെട്ടില്ല.  
പേരാമ്പ്ര ചക്കിട്ടപാറ പഞ്ചായത്ത് ഓഫീസിനുമുന്നിലെ തണൽമരം കടപുഴകി  വീണ് ഗതാഗതം മുടങ്ങി. അഗ്നിരക്ഷാസേന മരം മുറിച്ചുമാറ്റിയാണ്‌ ഗതാഗതം പുനഃസ്ഥാപിച്ചത്‌. കുറ്റ്യാടി മാവുള്ളചാൽ കോളനിയിൽ മണ്ണിടിഞ്ഞ്‌ കമലയുടെ വീടിന്റെ  ഭിത്തിയിൽ വീണു. കായക്കൊടി ചങ്ങരംകുളത്ത് വിസി ബാബുവിന്റെ വീടിനോട് ചേർന്ന കിണർ  താണു. ഫറോക്ക്  ചെറുവണ്ണൂർ മേഖലകളിൽ വ്യാപക നാശം. മരം വീണ് കൊളത്തറ റഹിമാൻ ബസാർ മീൻപൊയിൽ നിലംകാട്ടുങ്ങൽ മുസ്തഫയുടെ വീടിന്റെ ഒരുഭാഗം തകർന്നു.  കടലുണ്ടി ചാലിയം കുന്നുമ്മൽ ഒസാവട്ടത്ത് മുഹമ്മദ് അൻവറിന്റെ മുറ്റത്തെ കൂറ്റൻ തേക്ക് കടപുഴകി വീടിന്‌ മുകളിലേക്ക് വീണു.വീടിന് ഭാഗികമായി കേടുപാട്‌ സംഭവിച്ചു.
കൊളത്തറ തണ്ടാമഠത്തിൽ വിജയന്റെ വീടിന് മുകളിൽ തെങ്ങ് പൊട്ടിവീണ് വീടിന് കേടുപാടുണ്ടായി. ചാലിയത്ത് കെ. വി. അജ്മലിന്റെ ഉടമസ്ഥതയിലുള്ള ചാലിയം പെട്രോൾ ബങ്കിലേക്ക് തെങ്ങ് പൊട്ടിവീണ്‌ നാശനഷ്ടമുണ്ടായി.
വിലങ്ങാട്  പത്താം വാർഡ് പാനോം പുല്ലവയിലെ കരിമ്പനാമലയിൽ ജെയിംസിന്റെ വീട്ടുചുവർ തകർന്നു. കുടുംബത്തെ മറ്റൊരു വീട്ടിലേക്ക്  മാറ്റിപ്പാർപ്പിച്ചു. മയ്യഴിപ്പുഴയുടെ വിലങ്ങാട് ഭാഗത്ത് വെള്ളം കുത്തിയൊഴുകുകയാണ്. ടൗണിലെ പാലത്തിനരികെ വരെ ജലനിരപ്പ് ഉയർന്നു.