കോൺഗ്രസിന് സ്വന്തം പതാക ഉയർത്തിക്കാട്ടാനുള്ള ആർജവം ഇല്ലാതെ പോയത് എന്തുകൊണ്ട്? മുഖ്യമന്ത്രി

കോൺഗ്രസിന് സ്വന്തം പതാക ഉയർത്തിക്കാട്ടാനുള്ള ആർജവം ഇല്ലാതെ പോയത് എന്തുകൊണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് പതാക എന്തുകൊണ്ടാണ് നേതാക്കൾക്ക് തൊട്ടുകൂടാത്തത് ആയത് എന്നും മുഖ്യമന്ത്രി ചോദിച്ചു. വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലീഗിൻ്റെ പതാക ഒഴിവാക്കാനാണ് കോൺഗ്രസ് പതാകക്ക് അയിത്തം കൽപ്പിച്ചത്. വിവാദം ഒഴിവാക്കാൻ ലീഗ് പതാക ഒഴിവാക്കുകയായിരുന്നു. കോൺഗ്രസ് പതാകയും ചരിത്രവും കോൺഗ്രസ് നേതാക്കൾ ഓർക്കണം.

സ്വാതന്ത്ര്യ സമര കാലത്ത് ത്രിവർണ്ണ പതാക ഉയർത്തി പിടിക്കാൻ സ്വാതന്ത്ര്യ സമര സേനാനികൾ വലിയ ത്യാഗം സഹിച്ചതാണ്. ഈ ചരിത്രം കോൺഗ്രസ് നേതാക്കൾക്ക് അറിയില്ലേ. ജ്വലിക്കുന്ന ചരിത്രമുള്ള പതാകയാണ് ബിജെപിയെ ഭയന്ന് കോൺഗ്രസ് ഒളിപ്പിക്കുന്നത്. ത്രിവർണ്ണ പതാക ഒഴിവാക്കുക എന്നത് സംഘപരിവാർ അജണ്ടയാണ് ഇതിന് കോൺഗ്രസ് വഴങ്ങി. ഈ കോൺഗ്രസ് ആണോ സംഘപരിവാറിനെതിരെ സമരം നയിക്കുക എന്നും അദ്ദേഹം ചോദിച്ചു. ജനങ്ങൾ എൽ ഡി എഫിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നുവെന്നും വലിയ ജനക്കൂട്ടം യോഗങ്ങളിലേക്ക് എത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി രാജ്യസഭയിൽ ഭൂരിപക്ഷം ഉണ്ടാക്കി കൊള്ളട്ടെ എന്നതാണ് കോൺഗ്രസ് നിലപാട്. ഇത് ആലപ്പുഴയിലെ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് വർഷം കാലാവധി ബാക്കി നിൽക്കുന്നു. ആലപ്പുഴയിൽ യു ഡി എഫ് ജയിച്ചാൽ രാജസ്ഥാനിൽ ബിജെപിക്ക് ഒരു രാജ്യസഭാഗം കൂടി ലഭിക്കും. രാജസ്ഥാനിലെ ബിജെപി സ്ഥാനാർത്ഥിയുടെ പ്രസ്താവന ഗൗരവതരം ആണ്. ഭരണഘടനാ ഭേദഗതി ചെയ്യും എന്ന പരസ്യ പ്രഖ്യാപനം ആയിരുന്നു അത്. രാജ്യസഭയിൽ ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന തന്നെ അട്ടിമറിക്കും എന്ന് വ്യക്തമാക്കുന്ന പ്രസ്താവനയാണത്.

കോൺഗ്രസ് ഇതിനെതിരെ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതേ രാജസ്ഥാനിലെ കോൺഗ്രസ് രാജ്യസഭാംഗമായ കെ സി വേണുഗോപാൽ കേരളത്തിൽ വന്ന് മത്സരിക്കുന്നു. രാജ്യസഭയിൽ ബിജെപിക്ക് അംഗത്വം വർദ്ധിപ്പിക്കാനുള്ള ക്വട്ടേഷൻ കോൺഗ്രസ് കെ സി വേണുഗോപാലും എടുത്തു. എസ് ഡി പി ഐ യു ഡി എഫ് കൂട്ടുകെട്ട് ഇത് പ്രത്യേക അവസ്ഥയാണെന്നും ഡീൽ നടന്നിട്ടുണ്ട് എന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ലീഗ് നേതാക്കൾ നിലപാട് വ്യക്തമാക്കിയിട്ടില്ല. അവർ അണികളോട് എന്ത് വിശദീകരിക്കും ? എന്നും അദ്ദേഹം ചോദിച്ചു.

കരുവന്നൂർ ഇ ഡി അന്വേഷണത്തിലും അദ്ദേഹം മറുപടി പറഞ്ഞു. സി പി ഐ എം ന് ഒരു രഹസ്യ അക്കൗണ്ടുമില്ല. ഞങ്ങൾക്ക് കള്ളപ്പണം സ്വീകരിക്കുന്ന ഏർപ്പാടില്ല. ഇലക്ടറൽ ബോണ്ടിനെതിരെ നിയമപോരാട്ടം നടത്തിയവർ ഞങ്ങളാണ്. ഞങ്ങളുടെ ഇടപാടുകളെല്ലാം സുതാര്യം. പാർട്ടിയെ എല്ലാ കാലത്തും അകമഴിഞ്ഞ് ജനം സഹായിച്ചിട്ടുണ്ട്. മറ്റ് പാർട്ടിക്കാരും ഞങ്ങൾക്ക് സംഭാവന നൽകാറുണ്ട്. ഇതാണ് പാർട്ടിയുടെ സാമ്പത്തിക അടിത്തറ. ഞങ്ങളിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട് അത് കൊണ്ട് ജനങ്ങൾ ഞങ്ങൾക്ക് നൽകുന്ന സംഭാവനയുടെ കൃത്യം കണക്ക് സൂക്ഷിക്കുന്നുണ്ട്. ആദായ നികുതി ഓഡിറ്റ് എല്ലാ വർഷവും നടത്തുന്നുണ്ട്. അക്കൗണ്ടുകൾ പാൻകാർഡ് വഴി ലിങ്ക് ചെയ്തിട്ടുണ്ട്. മറിച്ചുള്ള ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് ഒരു പാഠവും പഠിച്ചിട്ടില്ല. അന്യായമായി ഇ ഡി യെ പിന്തുണക്കാൻ
ഇനിയെങ്കിലും കോൺഗ്രസ് തയ്യാറാകരുത്. അടൂർ പ്രകാശിന് ബി ജെ പി വോട്ട് മറിച്ച സംഭവം. ഇത് പലയിടത്തും നടക്കുന്ന ഡീലാണ്. ഇക്കുറിയും ചില മണ്ഡലങ്ങളിൽ ഇത്തരം ഡീൽ ഉണ്ട്. ബി ജെ പി സ്ഥാനാർത്ഥികളുടെ പട്ടിക പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ബി ജെ പി യെ സഹായിക്കാനും ബി ജെ പി യുടെ സഹായം സ്വീകരിക്കാനും കോൺഗ്രസിന് കേരളത്തിൽ മടിയില്ല എന്നും അദ്ദേഹം പറഞ്ഞു.
