KOYILANDY DIARY

The Perfect News Portal

സൈനിക്‌ സ്‌കൂളുകളെ വർഗീയവൽക്കരിക്കാനുള്ള നീക്കം ബിജെപി സർക്കാർ അവസാനിപ്പിക്കണം; സിപിഐ എം പൊളിറ്റ്‌ബ്യൂറോ

ന്യൂഡൽഹി: സ്വകാര്യ പങ്കാളിത്തത്തിന്റെ മറവിൽ സൈനിക്‌ സ്‌കൂളുകളെ വർഗീയവൽക്കരിക്കാനുള്ള നീക്കം ബിജെപി സർക്കാർ അവസാനിപ്പിക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു. ഇത്തരം സ്വകാര്യവൽക്കരണം ആശങ്കാജനകമാണ്‌. പ്രതിരോധ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സ്വയംഭരണാവകാശമുള്ള സൈനിക്‌ സ്‌കൂൾ സൊസൈറ്റിയാണ്‌ (എസ്‌എസ്‌എസ്‌) പരമ്പരാഗതമായി സൈനിക്‌ സ്‌കൂളുകൾ നടത്തിവന്നത്‌.

നാഷണൽ ഡിഫൻസ്‌ അക്കാദമിയിലേക്കും ഇന്ത്യൻ നേവൽ അക്കാദമിയിലേക്കും പ്രവേശിപ്പിക്കാൻ പ്രാപ്‌തരായ വിദ്യാർത്ഥികളെ വളർത്തിയെടുക്കുന്നതിൽ സൈനിക്‌ സ്‌കൂളുകൾ പ്രധാന പങ്കാണ്‌ വഹിക്കുന്നത്‌. ഇന്ത്യൻ പ്രതിരോധ സേനകളിലെ ഉന്നതതലങ്ങളിൽ പ്രവർത്തിക്കുന്നവരിൽ വലിയ പങ്ക്‌ സൈനിക്‌ സ്‌കൂളുകളിൽ പഠിച്ചവരാണ്‌.

 

പൊതു–- സ്വകാര്യ പങ്കാളിത്ത മാതൃകയിൽ നടത്തിപ്പ്‌ ചെലവും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കലും മാത്രമായി ഒതുങ്ങുന്നതല്ല പുതിയ നയം. ഇതിനായി കേന്ദ്രവുമായും എസ്‌എസ്‌എസുമായും കരാറിൽ എത്തുന്നതിൽ ഭൂരിഭാഗവും ആർഎസ്‌എസ്‌– -ബിജെപി ബന്ധമുള്ള സംഘടനകളാണ്‌.  സൈനിക്‌ സ്‌കൂളുകളുടെ ദേശീയ, മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാൻ ഈ നീക്കത്തിൽനിന്ന്‌ ബിജെപി സർക്കാർ പിൻവാങ്ങണമെന്ന്‌ പിബി ആവശ്യപ്പെട്ടു.

Advertisements