സി പി എ മ്മും ബി ജെ പി യും ലീഗും ഒരുമിച്ചപ്പോൾ കതിരൂരിലെ സവിതക്കും രണ്ടു മക്കൾക്കും അടച്ചുറപ്പുള്ള പുതിയ വീട്

രാഷ്ട്രീയ ഭിന്നതകൾ മറന്ന് സിപിഎമ്മും ബിജെപി യും ലീഗും ഒരുമിച്ചപ്പോൾ കതിരൂരിലെ സവിതക്കും രണ്ടു മക്കൾക്കും അടച്ചുറപ്പുള്ള പുതിയ വീട്. രാഷ്ടീയ ഭിന്നതകളെല്ലാം മറന്ന് ആശ്രയമില്ലാതിരുന്ന ഒരു കുടുംബത്തിന് വീടൊരുക്കാൻ രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ചപ്പോൾ നിരാലംബരായ ഒരു കുടുംബത്തിന് അടച്ചുറപ്പുള്ള പുതിയ വീട്. കതിരൂരിലെ സവിതക്കും മക്കൾക്കും വീടൊരുക്കാൻ കക്ഷി രാഷ്ട്രീയം മറന്ന് സിപിഎമ്മും ബിജെപിയും മുസ്ലിം ലീഗും ഒന്നിച്ചത്.

എല്ലാത്തിനും മുകളിലാണ് മനുഷ്യനെന്നും ദുരിതങ്ങളിൽ മനുഷ്യരെ കൂടെ നിർത്തുന്നതാണ് എറ്റവും വലിയ രാഷ്ട്രീയമെന്നും മനുഷ്യത്വമാണ് മതമെന്നും തെളിയിക്കുന്ന ഈ പ്രവൃത്തി സമൂഹത്തിനാകെ മാതൃകയാണ്. സവിതയുടെ ഭർത്താവ് പ്രദീപൻ ഏഴു വർഷം മുമ്പാണ് മരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്ന പ്രദീപൻ. രണ്ട് കുട്ടികളും സവിതയും ഇത്രയും കാലം തട്ടിക്കൂട്ടിയ കൂരയിൽ ഉറപ്പില്ലാത്ത ജീവിതം നയിച്ചു വരികയായിരുന്നു. സവിതയുടെയും കുട്ടികളുടെയും ദുരിതം മനസ്സിലാക്കി അവർക്ക് വീടൊരുക്കാൻ ജനകീയ കമ്മിറ്റിയുണ്ടാക്കി. നിരവധിപേർ സഹായവുമായി രംഗത്തെത്തി.
പ്രദേശത്തെ ആർഎസ്എസ് കാര്യാലയം വീടിന്‍റെ കോൺക്രീറ്റ് ഏറ്റെടുത്തു. സിപിഎമ്മിന്‍റെ പി. കൃഷ്ണപിളള സാംസ്കാരിക കേന്ദ്രം ടൈൽസ് സ്പോൺസർ ചെയ്തു. നാട്ടുകാരൻ വി.പി.സമദ് ചുമര് തേയ്ക്കാനുളള പണം നൽകി. വയർമെൻ അസോസിയേഷൻ സൗജന്യമായി ഇലക്ട്രിക്കൽ ജോലികൾ ചെയ്തു. കതിരൂർ സഹകരണ ബാങ്ക് മുതൽ കെഎസ്ഇബി വരെ വീടു നിർമാണത്തിൽ കൂടെ നിന്നു. വെറും എട്ട് മാസത്തെ ചുരുങ്ങിയ കാലയളവിൽ എട്ട് ലക്ഷം രൂപ ചെലവിൽ സവിതയക്കും കുടുംബത്തിനും കൂരയ്ക്ക് പകരം അടച്ചുറപ്പുള്ള പുതിയ വീടായി.
