KOYILANDY DIARY

The Perfect News Portal

ഫണ്ട് തട്ടിപ്പ് കോണ്‍ഗ്രസിന്റെ കുത്തകയാണെന്ന് കരുതുന്നവരെ എന്ത് ചെയ്യാൻ; എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ഫണ്ട് തട്ടിപ്പ് കോണ്‍ഗ്രസിന്റെ കുത്തകയാണെന്ന് കരുതുന്നവരെ എന്ത് ചെയ്യാനാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മോദിക്ക് വര്‍ഗീയ ഭ്രാന്താണെന്നും സാധാരണ ആര്‍എസ്എസ് നിലവാരത്തിലേക്ക് പ്രധാനമന്ത്രി മാറിയെന്നും അദ്ദേഹം പറഞ്ഞു. മോദി പച്ചയായ വര്‍ഗീയത പറയുന്നു. വര്‍ഗീയ കലാപത്തിന് ആഹ്വാനം നല്‍കുന്നു. പിണറായിയെ അറസ്റ്റ് ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം മോദിയുടെ നിലപാടാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

ഒന്നാംഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് മോദിക്ക് ഭ്രാന്ത് കൂടിയതെന്നും അദ്ദേഹം പറഞ്ഞു. മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരും. ഇടതുപക്ഷത്തിന്റെ ശക്തി ഈ തെരഞ്ഞെടുപ്പില്‍ വര്‍ധിക്കും. എല്ലാ ജനവിഭാഗങ്ങളിലേക്കും ഇറങ്ങിച്ചെല്ലാന്‍ എല്‍ഡിഎഫിനായി. അത് ഇന്ത്യയിലുടനീളം കഴിഞ്ഞു. സംസ്ഥാനത്തെ 20 മണ്ഡലത്തിലും വിജയ പ്രതീക്ഷയോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ പുതിയ ചരിത്രം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ഓരോ  മണ്ഡലങ്ങളിലും നാലായിരം കുടുംബ യോഗങ്ങളാണ് നടത്തിയത്. ഇന്നലെ മാത്രം 21,315 ചെറു പ്രകടനങ്ങള്‍ എല്‍ഡിഎഫ് നടത്തി. യഥാര്‍ഥ കൊട്ടിക്കലാശം എല്‍ഡിഎഫിന് ഇന്നലെയായിരുന്നുവെന്നും അദ്ദേഹം ആലങ്കാരികമായി പറഞ്ഞു. മത സാമുദായിക സംഘടനകള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, നേതാക്കള്‍ തുടങ്ങി എല്ലാവരും എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. മാധ്യമങ്ങള്‍ വ്യാജ സര്‍വേ ഫലം പുറത്തുവിട്ടുകൊണ്ട് ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു. ഭരണ വിരുദ്ധ വികാരം കേരളത്തിലുണ്ട് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടത്തിയപ്പോള്‍ ജനത്തിനിടയിലെത്തി അവരുമായി ആശ വിനിമയം നടത്തുന്ന രീതിയിലുള്ള പ്രചാരണമാണ് നടത്തിയത്.

Advertisements

 

അതിനാല്‍ തന്നെ ആളുകളുടെ വികാരം കൃത്യമായി മനസിലാക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. രാഹുല്‍ ഗാന്ധിക്കെതിരായ പിവി അന്‍വറിന്റെ പ്രസ്താവന, ഇങ്ങോട്ട് അടിച്ചാല്‍ അങ്ങോട്ട് തിരിച്ചടി കുട്ടുമെന്നള്ളതിന്റെ സൂചനയാണ്. രാഷ്ട്രീയ ഡിഎന്‍എയെ കുറിച്ചാണ് അന്‍വര്‍ പറഞ്ഞത്-അദ്ദേഹം വിശദീകരിച്ചു. പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനാകുന്ന ജനതയല്ല കേരളത്തിലുള്ളതെന്നും ബന്ധപ്പെട്ടവര്‍ ഇത് മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.