വൈവിധ്യമാർന്ന ആഘോഷങ്ങളൊരുക്കി 2024ന് ഉജ്ജ്വല വരവേൽപ്പ്

വൈവിധ്യമാർന്ന ആഘോഷങ്ങളൊരുക്കി നാടെങ്ങും പുതുവർഷത്തിന് വരവേൽപ്പ്. വിനോദസഞ്ചാര വകുപ്പിന്റെയും കൊച്ചി, കോഴിക്കോട് കോർപറേഷനുകളുടെയും നേതൃത്വത്തിൽ നഗരത്തിലെങ്ങും കാഴ്ചവിരുന്നായി മാറിയ ആഘോഷങ്ങളിൽ ആയിരങ്ങൾ പങ്കാളികളായി. വിവിധ സംഘടനകളുടെയും പ്രാദേശിക ക്ലബ്ബുകളുടെയും നേതൃത്വത്തിലുള്ള ആഘോഷപരിപാടികൾ പുലർച്ചെവരെ നീണ്ടു. ഫോർട്ട് കൊച്ചിയിൽ കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയമായി സംഘടിപ്പിച്ച ആഘോഷങ്ങൾക്കും പപ്പാഞ്ഞി കത്തിക്കലിനും സാക്ഷിയാകാൻ പതിനായിരങ്ങൾ ഒഴുകിയെത്തി. പുതുവർഷരാവിൽ പൊലീസിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും ഏകോപനത്തോടെ ജില്ലയിലാകെ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. മാനാഞ്ചിറയും കോഴിക്കോട് ബീച്ചും പതിനായിരങ്ങളുടെ സംഗമ ഭൂമിയായി മാറി.

പകൽ ഞായറവധിയുടെ ആലസ്യത്തിലായിരുന്നെങ്കിലും വൈകിട്ടോടെ നാടാകെ പുതുവർഷാഘോഷത്തിന്റെ ആവേശത്തിലേക്ക് ഉണർന്നു. നഗരപാതകൾ വാഹനത്തിരക്കിൽ വീർപ്പുമുട്ടി. എന്നാൽ, രാവിലെമുതൽതന്നെ ഫോർട്ട് കൊച്ചി ബീച്ചും കാർണിവൽ നഗറും സഞ്ചാരികളുടെയും ആഘോഷക്കൂട്ടങ്ങളുടെയും തിരക്കിലായി. വൈപ്പിൻ ബീച്ചുകളും ആഘോഷനിറവിലായിരുന്നു. കുഴുപ്പിള്ളി ബീച്ചിൽ പുതുതായി സ്ഥാപിച്ച ഫ്ലോട്ടിങ് പാലം പ്രത്യേക ആകർഷണമായി. മറൈൻഡ്രൈവിൽ വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോ കാണാൻ ആയിരങ്ങളാണ് എത്തിയത്. നഗരസഭയുടെ നേതൃത്വത്തിൽ എറണാകുളത്തപ്പൻ മൈതാനത്ത് കലാവിരുന്ന് സംഘടിപ്പിച്ചിരുന്നു. പള്ളുരുത്തി മെഗാ കാർണിവലിന്റെ ഭാഗമായ വിവിധ കലാപരിപാടികൾക്ക് എം കെ അർജുനനൻ മാസ്‌റ്റർ മൈതാനത്ത് നൂറുകണക്കിനാളുകൾ സാക്ഷിയായി.


പൊലീസും ജില്ലാ ഭരണകേന്ദ്രവും നഗരസഭയും ഒരുക്കിയ വൻ സുരക്ഷയിലാണ് ഫോർട്ട് കൊച്ചിയിലെ ആഘോഷപരിപാടി വിജയകരമായി സമാപിച്ചത്. ഞായർ ഉച്ചയോടെതന്നെ പശ്ചിമകൊച്ചി ഭാഗത്തേക്കുള്ള ഗതാഗതത്തിന് നിയന്ത്രമേർപ്പെടുത്തി. വാഹന പാർക്കിങ് നിശ്ചിത സ്ഥലങ്ങളിൽമാത്രമാക്കുകയും വഴികളിലെല്ലാം ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്‌തതോടെ പതിവിലും കൂടുതൽപ്പേർക്ക് ഇവിടേക്ക് എത്താനായി.

