പേടിയില്ലാതെ സ്കൂളിൽ വരാൻ സാഹചര്യമൊരുക്കണം

തെരുവ് നായ ശല്യം: പേടിയില്ലാതെ സ്കൂളിൽ എത്താൻ കഴിയണമെന്ന് ആവശ്യപ്പെട്ട് വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ വാർഡ് മെമ്പർ ടി.എം. രജുലക്ക് നിവേദനം നൽകി. സ്കൂൾ പരിസരത്തെ തെരുവ് നായ ശല്യത്തിന് അടിയന്തിര പരിഹാരമാവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ നിവേദനം നൽകിയത്. കഴിഞ്ഞ ദിവസം രാവിലെ സ്കൂളിലേക്ക് ഇറങ്ങുമ്പോൾ ഈ വിദ്യാലയത്തിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ തെരുവ് നായ അക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു.

പ്രദേശത്തെ മറ്റു ചിലരും നേരത്തെ നായകളുടെ അക്രമത്തിനിരയായിരുന്നു. അടിയന്തിര പ്രാധാന്യത്തോടെ പ്രശ്നപരിഹാരം സാധ്യമാക്കണമെന്ന്
കുട്ടികൾ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. സ്കൂൾ ലീഡർ മുഹമ്മദ് റയ്ഹാൻ വാർഡ് മെമ്പർ ടി.എം. രജുലക്ക് നിവേദനം കൈമാറി. സ്കൂൾ സെപ്യൂട്ടി ലീഡർ ടി.പി.ജസ മറിയം, ഡി.എസ്. നേദിക, എ.കെ ത്രിജൽ, ടി.പി. റിഷിഗ എന്നിവർ നേതൃത്വം നൽകി.
