KOYILANDY DIARY

The Perfect News Portal

യമുനയിലെ ജലനിരപ്പ്‌ അപകടനിലയിൽ; ജനങ്ങളെ മാറ്റി പാർപ്പിച്ചു

ന്യൂഡൽഹി: യമുനയിലെ ജലനിരപ്പ്‌ അപകടനില പിന്നിട്ടും കവിഞ്ഞൊഴുകുന്നതിനാൽ ഡൽഹിയിൽ അതീവ ജാഗ്രതാ നിർദേശം നൽകി. വെള്ളക്കെട്ടുയർന്ന താഴ്ന്ന പ്രദേശങ്ങളിൽനിന്നുള്ളവരെ മാറ്റിപാർപ്പിച്ചുതുടങ്ങി. യമുനയുടെ സമീപമുള്ള 10 മെട്രോ സ്റ്റേഷനുകൾ അടച്ചുപുട്ടി. 

അപകടസൂചികക്ക് മൂന്നുമീറ്റർ ഉയരത്തിലാണ് ജലനിരപ്പുള്ളത്. പ്രളയഭീതിയുയർന്നതോടെ ഡൽഹിയിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. ഇന്ന് നദിയിലെ ജലനിരപ്പ്‌ 208.07 മീറ്ററായി ഉയർന്നു. 44 വർഷത്തിന്ശേഷം രേഖപ്പെടുത്തുന്ന ഉയർന്ന ജലനിരപ്പാണിത്. 1978 സെപ്തംബർ ആറിന്‌ രേഖപ്പെടുത്തിയ 207.49 മീറ്ററാണ്‌ ഇതിനുമുമ്പത്തെ ഉയർന്നനിരക്ക്‌.

Advertisements

താഴ്‌ന്ന പ്രദേശങ്ങളിൽ നാൽപ്പതിനായിരത്തോളംപേർ താമസിക്കുന്നുണ്ടെന്നും ഇവരെ മാറ്റിപ്പാര്‍പ്പിപ്പിച്ചു തുടങ്ങിയെന്നും  മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. പ്രളയഭീഷണി നേരിടുന്ന പ്രദേശങ്ങളിലുള്ളവരെ  ദുരിതാശ്വാസ ക്യാമ്പുകളിലേക്കും സാമൂഹിക കേന്ദ്രങ്ങളിലേക്കും മാറ്റും. 16 കൺട്രോൾ റൂമുകളും ഡൽഹി സർക്കാർ തുറന്നിട്ടുണ്ട്.

Advertisements

ഹരിയാനയിലെ ഹാഥ്‌നിക്കുണ്ഡ്‌ അണക്കെട്ടിൽനിന്നും യമുനയിലേക്ക്‌ വെള്ളം തുറന്നുവിടുന്നത്‌ നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി കെജ്‌രിവാൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായോട്‌ ആവശ്യപ്പെട്ടു. അണക്കെട്ട് തുറന്നതും യമുനയിലെ ജലനിരപ്പുയരുവാനിടയാക്കി. എന്നാൽ അണക്കെട്ട് തുറന്നുവിടാതെ നിർവ്വാഹമില്ലെന്നാണ് കേന്ദ്രം നിലപാട്.

 

കനത്തമഴ ദുരിതം വിതച്ച പഞ്ചാബിലും ഹരിയാനയിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്‌. എൻഡിആർഎഫിന്‌ പുറമേ സൈന്യത്തിന്റെയും സഹായം ഹരിയാന സർക്കാർ ആവശ്യപ്പെട്ടു. പഞ്ചാബിലെ പട്യാല, രൂപ്‌നഗർ, മോഗ, ലുധിയാന, മൊഹാലി, എസ്ബിഎസ് നഗർ, ഫത്തേഗഡ് സാഹിബ് ജില്ലകളിലായി പതിനായിരത്തോളം ആളുകളെ ഒഴിപ്പിച്ചു.  ഇരു സംസ്ഥാനത്തുമായി ഇരുപതോളം പേരാണ്‌ മരിച്ചത്‌.

ഹിമാചലില്‍ 88 മരണം

കനത്ത മഴയിൽ തകർന്നടിഞ്ഞ ഹിമാചൽ പ്രദേശിൽ മഴ മാറിനിന്നതോടെ രക്ഷാപ്രവർത്തനം ഊർജിതമാക്കി. മണ്ണിടിച്ചിലിലും മിന്നൽപ്രളയത്തിലും ഗതാഗതയോഗ്യമല്ലാതായ റോഡുകൾ ഭാഗികമായി തുറന്നതോടെ പലയിടത്തായി കുടുങ്ങിയ അരലക്ഷത്തോളം വിനോദസഞ്ചാരികളെ സുരക്ഷിതസ്ഥാനത്ത്‌ എത്തിച്ചെന്ന്‌ സർക്കാർ അറിയിച്ചു.

മലയാളി വിനോദസഞ്ചാരികൾ സുരക്ഷിതരാണ്‌. കുളു, മണാലി പ്രദേശങ്ങളിൽ  വൈദ്യുതി– മൊബൈൽ ബന്ധം താൽക്കാലികമായി പുനഃസ്ഥാപിച്ചു. കുളു– മണാലി പാതയും ഗതാഗതയോഗ്യമാക്കി. ലാഹൗളിൽ കുടുങ്ങിയ മുന്നൂറിലധികം ടൂറിസ്റ്റ് വാഹനങ്ങൾക്കും വഴിയൊരുക്കി നൽകിയതോടെ ഇവരും സുരക്ഷിതസ്ഥാനത്തേക്ക്‌ തിരിച്ചു. മൺസൂൺ സീസണിൽ സംസ്ഥാനത്ത്‌ ഇതുവരെ 88 മരണം റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. നൂറിലേറെപ്പേർ മരിച്ചെന്നാണ്‌ അനൗദ്യേഗിക കണക്ക്‌.