മാലിന്യ നിർമാർജനം; ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ജനപ്രതിനികളുടെ കൂട്ടായ പ്രവർത്തനം വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാലിന്യ നിർമാർജന പ്ലാന്റുകളുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ജനപ്രതിനികളുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാലിന്യ നിർമാർജനരംഗത്ത് വലിയ നേട്ടങ്ങളുണ്ടായിട്ടുണ്ട്. എങ്കിലും മാലിന്യ നിർമാർജനത്തെയും പ്ലാന്റുകളെയും ചിലർ ഇപ്പോഴും സംശയദൃഷ്ടിയോടെയാണ് കാണുന്നതെന്നും തിരുവനന്തപുരം കനകക്കുന്നിൽ ആരംഭിച്ച ‘വൃത്തി 2025- ദേശീയ ക്ലീൻകേരള കോൺക്ലേവ്’ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട ആശങ്കകളും സംശയങ്ങളും പരിഹരിക്കാനുള്ള വേദികൂടിയാണ് വൃത്തി കോൺക്ലേവ്. ബഹുഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും മാലിന്യമുക്തമായി പ്രഖ്യാപിച്ചു. മാർച്ചിലെ കണക്കനുസരിച്ച് ക്ലീൻ കേരള കമ്പനിവഴി 61,664 ടണ്ണിലധികം മാലിന്യമാണ് സംസ്കരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നൂറു ശതമാനം മാലിന്യമുക്തമായ കേരളമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും ചടങ്ങിൽ അധ്യക്ഷനായ മന്ത്രി എം ബി രാജേഷ് പറഞ്ഞു. മാലിന്യ നിർമാർജനത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ജില്ലകൾക്കുള്ള പുരസ്കാരം മന്ത്രി സമ്മാനിച്ചു. കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.

ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള സമഗ്ര റിപ്പോർട്ട് മുഖ്യമന്ത്രിയിൽനിന്ന് നവകേരളം കർമ പദ്ധതി കോ – ഓർഡിനേറ്റർ ടി എൻ സീമ ഏറ്റുവാങ്ങി. കോൺക്ലേവിന്റെ ഭാഗമായുള്ള പ്രദർശനം മന്ത്രി കെ രാജനും മാതൃകാ ഗ്രാമം മന്ത്രി എ കെ ശശീന്ദ്രനും ഭക്ഷ്യമേള മന്ത്രി ജി ആർ അനിലും ഇൻസ്റ്റലേഷനുകൾ മന്ത്രി പി എ മുഹമ്മദ് റിയാസും ഉദ്ഘാടനം ചെയ്തു.

