KOYILANDY DIARY.COM

The Perfect News Portal

തദ്ദേശ വാർഡ്‌ വിഭജന ബിൽ പാസാക്കി

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ ജനസംഖ്യ അടിസ്ഥാനത്തിൽ വാർഡ്‌ വിഭജിക്കാനുള്ള രണ്ട് കരട് ബിൽ നിയമസഭ പാസാക്കി. 1994ലെ കേരള പഞ്ചായത്ത്‌ രാജ്, കേരള മുനിസിപ്പാലിറ്റി നിയമഭേദഗതി വരുത്തുന്ന ബില്ലാണ് അംഗീകരിച്ചത്. 1994ലെ പഞ്ചായത്ത് രാജ് ആക്ടിലെയും മുനിസിപ്പാലിറ്റി ആക്ടിലെയും ആറാം വകുപ്പിലെ മൂന്നാം ഉപവകുപ്പിലാണ് ഭേദഗതി വരുത്തുന്നത്. പഞ്ചായത്ത്- മുനിസിപ്പൽ ഭരണസമിതിയിലെ അംഗസംഖ്യ സംബന്ധിച്ച വ്യവസ്ഥയിലും മാറ്റമുണ്ടാകും. ഭരണസമിതി സ്ഥാനങ്ങളുടെ എണ്ണം ഒന്നുവീതം വർധിപ്പിക്കും.

ഉത്തരവുകളുടെ ഉള്ളടക്കം 2020ൽ നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്‌ത പ്രകാരം സഭ വീണ്ടും പരിഗണിച്ച്‌ പാസാക്കുകയും ചെയ്‌തു. കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികാരണം പാസായ ബില്ലിലെ വ്യവസ്ഥ വീണ്ടും ഭേദഗതി ചെയ്‌ത്‌ പഴയ രൂപത്തിലേക്ക് മാറ്റി. 2020ലെ ഉള്ളടക്കമാണ്‌ നിയമസഭ വീണ്ടും പാസാക്കിയത്. ചർച്ചയിൽ പങ്കെടുക്കാതെ പ്രതിപക്ഷം സഭ തടസ്സപ്പെടുത്തി. പ്രതിപക്ഷത്തിന്റെ അവകാശം ഹനിച്ചെന്ന്‌ കാട്ടി അവർ സ്‌പീക്കർക്ക്‌ കത്ത്‌ നൽകി.

 

ഭേദഗതി ഇങ്ങനെ 
പുതിയ ബിൽ പ്രകാരം പഞ്ചായത്തിൽ- ആദ്യ 15,000 പേർക്ക്‌ കുറഞ്ഞത് 13 വാർഡ്‌. തുടർന്ന് ഓരോ 2500 പേർക്കും ഓരോ വാർഡ്. പരമാവധി 23 വാർഡ്‌. കുറഞ്ഞതും കൂടിയതുമായ വാർഡിന്റെ എണ്ണം 14 –- 24. ബ്ലോക്ക് പഞ്ചായത്തിൽ 1,50,000 പേർക്ക്‌ കുറഞ്ഞത് 13 വാർഡ്‌. തുടർന്ന് ഓരോ 25,000 പേർക്കും ഓരോ വാർഡ് വീതം. പരമാവധി 23. കുറഞ്ഞതും കൂടിയതുമായ വാർഡിന്റെ എണ്ണം 14 –- 24. ജില്ലാ പഞ്ചായത്തിൽ- ആദ്യ 10 ലക്ഷം പേർക്ക്‌ കുറഞ്ഞത് 16 വാർഡ്‌. തുടർന്ന് ഓരോ ലക്ഷം പേർക്കും ഓരോ വാർഡ് വീതം. പരമാവധി 32. കുറഞ്ഞതും കൂടിയതും 17–- 33. മുനിസിപ്പാലിറ്റികൾ- 20,000 പേർക്ക്‌ 25 വാർഡ്‌. തുടർന്ന് 2500 പേർക്ക്‌ ഓരോ വാർഡ് വീതം. പരമാവധി 52. കുറഞ്ഞതും കൂടിയതും 26–- 53. 
 കോർപറേഷനിൽ- നാല്‌ ലക്ഷം പേർക്ക്‌ 55 വാർഡ്‌. തുടർന്ന് ഓരോ 10,000 പേർക്കും ഓരോ വാർഡ് വീതം. പരമാവധി 100. കുറഞ്ഞതും കൂടിയതും 56–-101.

Advertisements
Share news