ശക്തമായ പോലീസ് കാവലിൽ പെരുവട്ടൂർ ചാലോറ കുന്നിൽ നിന്ന് വഗാഡ് കമ്പനി മണലെടുപ്പ് ആരംഭിച്ചു

കൊയിലാണ്ടി: ശക്തമായ പോലീസ് കാവലിൽ പെരുവട്ടൂർ ചാലോറ കുന്നിൽ നിന്ന് വഗാഡ് കമ്പനി മണലെടുപ്പ് ആരംഭിച്ചു. ദേശീയപാതാ വികസനത്തിനായി മണലെടുക്കുന്നതിനായി രണ്ട് മാസത്തിലേറെയായി വഗാഡ് കമ്പനി രംഗത്ത് വന്നെങ്കിലും നാട്ടുകാരുടെ നേൃത്വത്തിൽ ശക്തമായ പ്രതിരോധം തീർത്തതോടെ പലതവണയായി വഗാഡിനു മടങ്ങേണ്ടിവരികയായിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തെ തുടർന്ന് സമരസമിതിയിലെ നിരവധി പേർക്കെതിരെ പോലീസ് കേസ് വന്നതോടെ പലരും സമരത്തിൽ നിന്ന് പിറകോട്ട്പോയതായാണ് അറിയുന്നത്.

തുടർന്നാണ് ഇന്ന് ശക്തമായ പോലീസ് കാവലിൽ രാവിലെ മുതൽ മണലെടുക്കുന്നതിനായി കമ്പനി എത്തിയത്. വടകര ഡിവൈഎസ്പി, കൊയിലാണ്ടി സിഐ എന്നിവരുടെ നേതൃത്വത്തിൽ നിരവധി പോലീസ് വാഹനങ്ങളിലായി നൂറോളം പോലീസുകാരുടെ സാന്നിദ്ധ്യത്തിലാണ് മണലെടുപ്പ് ആരംഭിച്ചത്. ആദ്യഘട്ടം റോഡ് വെട്ടുന്ന പ്രവൃത്തിയാണ് നടക്കുന്നത്. സമരസമിതിയുടെ നേതൃത്വത്തിൽ ചെറുത്തുനിൽപ്പുമായി വന്നെങ്കിലും പോലീസ് കർശന നടപടിയെടുത്തതോടെ പലരും ഉൾവലിഞ്ഞതായാണ് അറിയുന്നത്.

