തലസ്ഥാനത്ത് വിഎസ് സെന്റർ ഒരുങ്ങുന്നു; ബജറ്റിൽ 20 കോടി അനുവദിച്ചു
.
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ വിഎസ് അച്യുതാനന്ദന് തിരുവനന്തപുരത്ത് സ്മാരകം ഒരുക്കും. സംസ്ഥാന ബജറ്റിൽ ധനകാര്യമന്ത്രി കെ എൻ ബാലഗോപാലാണ് പ്രഖ്യാപനം നടത്തിയത്. കേരളത്തിലെ സാമൂഹ്യ ജീവിതത്തിലെ ജ്വലിക്കുന്ന ഓർമയാണ് വിഎസിന്റെ സമര ജീവിതം, വിഎസിന്റെ ഐതിഹാസികമായ പോരാട്ടങ്ങളും ജീവതവും അടയാളപ്പെടുത്താനും പുതിയ തലമുറയ്ക്ക് പകർന്നു നൽകാനും കഴിയുന്ന ഒരു കേന്ദ്രമായി വിഎസ് സെന്റർ തിരുവനന്തപുരത്ത് സ്ഥാപിക്കും. അതിനായി 20 കോടി വകയിരുത്തുന്നതായി ധനമന്ത്രി നിയമസഭയിൽ അറിയിച്ചു.

2025 ജൂലൈ 21 നാണ് വിഎസ് അച്യുതാനന്ദൻ അന്തരിച്ചത്. ഒരു തവണ കേരള മുഖ്യമന്ത്രിയും മൂന്ന് തവണ പ്രതിപക്ഷ നേതാവുമായിരുന്നു. ഏഴു തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ എം സംസ്ഥാന കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവായിരുന്നു. 2006–11ലെ വി എസ് അച്യുതാനന്ദൻ സർക്കാർ ക്ഷേമത്തിനും വികസനത്തിനുമൊപ്പം സാമൂഹ്യസുരക്ഷയ്ക്കുമാണ് പ്രാധാന്യം നൽകിയത്. അഭിമാനകരമായ പല നേട്ടങ്ങളും കേരളത്തിന് കൈവരിക്കാനായ ഒരു കാലഘട്ടം കൂടിയായിരുന്നു വി എസ് സർക്കാരിന്റേത്.




