വിഎസ് അച്യുതാനന്ദൻറെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻറെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വൃക്കകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിയിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഈ സാഹചര്യത്തിൽ ഡയാലിസിസ് തുടരാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു.

സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുമായും വിഎസിന്റെ കുടുംബാംഗങ്ങളുമായും മെഡിക്കൽ ബോർഡ് കാര്യങ്ങൾ ചർച്ച ചെയ്തു. നിലവിലെ ചികിത്സ തുടരാനാണ് വിദഗ്ധ സംഘവും കുടുംബവും നിർദ്ദേശിച്ചത്. ജൂൺ 23നാണ് വിഎസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

