KOYILANDY DIARY.COM

The Perfect News Portal

വിഴിഞ്ഞം തുറമുഖം; 20 മാസത്തിനിടെ നൽകിയത്‌ 20,000 തൊഴിൽദിനം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട്‌ 20 മാസത്തിനിടെ നൽകിയത്‌ 20,000 തൊഴിൽദിനം. 2022 ജനുവരിമുതൽ 2024 വരെയുള്ള കണക്കാണ്‌ പുറത്തുവന്നത്‌. തുറമുഖ വിരുദ്ധസമരം നടന്ന 2022 ആഗസ്‌ത്‌ 22 മുതൽ ഡിസംബർ 22 വരെയുള്ളത്‌ കണക്കാക്കിയിട്ടില്ല. ഏറ്റവും കൂടുതൽ ഈ വർഷം ജനുവരിയിലാണ്‌. 1529 തൊഴിൽദിനം. തൊഴിലാളികളിൽ 60 ശതമാനവും മലയാളികളാണെന്ന്‌ നിർമാണം നടത്തുന്ന അദാനി കമ്പനി അധികൃതർ പറഞ്ഞു.

25 ശതമാനം വിഴിഞ്ഞത്തുകാർക്ക്‌ മാറ്റിവയ്ക്കണമെന്ന്‌ കമ്പനിയോട്‌ നിർദേശിച്ചിട്ടുണ്ടെന്ന്‌ വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് തിരുവനന്തപുരം (വിസിൽ) എംഡി ദിവ്യ എസ്‌ അയ്യരും വ്യക്തമാക്കി. 2016ൽ ആണ്‌ തുറമുഖനിർമാണം ആരംഭിച്ചത്‌. ഓഖി, പ്രളയം, കോവിഡ്‌ തുടങ്ങിയവ കാരണം മന്ദഗതിയിലായിരുന്നു. നിലവിൽ ഒന്നാംഘട്ട നിർമാണം 90 ശതമാനം പൂർത്തിയായി. പുലിമുട്ട്‌ 150 മീറ്ററും രണ്ടാം ബർത്തിന്റെ ബാക്കി ഭാഗവുമാണ്‌ പൂർത്തിയാകാനുള്ളത്‌. ചൈനയിൽനിന്ന്‌ കൊണ്ടുവരാനുള്ള 17 ക്രെയിൻ മാർച്ച്‌ 30നും ഏപ്രിൽ 15നും ഇടയിൽ തീരത്ത്‌ എത്തും. മേയിൽ ട്രയൽ റൺ ആരംഭിക്കും. ഇതിനിടയിൽ മുഴുവൻ പ്രവൃത്തിയും പൂർത്തിയാക്കും. ഡിസംബറിനുമുമ്പ്‌ തുറമുഖം ഔദ്യോഗികമായി കമീഷൻ ചെയ്യും.

 

ത്രികക്ഷി കരാർ 23ന്‌ ഒപ്പിടും 
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ്‌ ഫണ്ട് ലഭ്യമാക്കാനുള്ള ത്രികക്ഷി കരാറിൽ വെള്ളിയാഴ്‌ച ഒപ്പുവയ്‌ക്കും. കേന്ദ്ര സർക്കാർ പ്രതിനിധി, അദാനി വിഴിഞ്ഞം പ്രൈവറ്റ് പോർട്ട് ലിമിറ്റഡ് (എവിപിപിഎൽ) പ്രതിനിധി, ചീഫ്‌ സെക്രട്ടറി എന്നിവരാണ്‌ ഒപ്പുവയ്‌ക്കുക. കരാറിൽ ഒപ്പുവയ്ക്കുന്നതിന് വ്യവസ്ഥകളോടെ അനുമതി നൽകാൻ കഴിഞ്ഞ ആഴ്‌ച മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

Advertisements
Share news