KOYILANDY DIARY.COM

The Perfect News Portal

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം ക്രിസ്‌മസ്‌–പുതുവത്സരസമ്മാനമായി ലോകത്തിന്‌ സമർപ്പിക്കും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം ക്രിസ്‌മസ്‌–പുതുവത്സരസമ്മാനമായി ലോകത്തിന്‌ സമർപ്പിക്കും. രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന വിധത്തിലായിരിക്കും ഉദ്‌ഘാടനം. ഇതിനുള്ള ആസൂത്രണം ആരംഭിച്ചു. ഒന്നാംഘട്ടത്തിന്റെ  പൂർത്തീകരണത്തോടെയാണ്‌ കമ്മീഷനിങ്‌. ഡിസംബർ മൂന്നിനകം വാണിജ്യപ്രവർത്തനം ആരംഭിക്കണമെന്നാണ്‌ നിർമാണവും നടത്തിപ്പും നിർവഹിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട്‌ പ്രൈവറ്റ്‌ ലിമിറ്റഡും (എവിപിപിഎൽ) വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്‌ തിരുവനന്തപുരവുമായി (വിസിൽ) ഉള്ള കരാർ. തുറമുഖത്തിന്റെ രണ്ടുമുതൽ നാലുവരെയുള്ള ഘട്ടങ്ങൾ 2028 ൽ പൂർത്തിയാക്കും. ഇതോടെ സമ്പൂർണ തുറമുഖം യാഥാർഥ്യമാകും.

ജൂലൈ 11 മുതൽ തുറമുഖത്തിന്റെ ട്രയൽ റൺ നടന്നുവരികയാണ്‌. ഇതുവരെ 34 ചരക്ക്‌ കപ്പലുകൾ എത്തി. ഇതിൽനിന്നായി 75000 ൽ അധികം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്‌തു. മാർച്ച്‌ 31 വരെയുള്ള കാലയളവിൽ ആകെ 75000 കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനാണ്‌ ലക്ഷ്യമിട്ടത്‌. മൂന്നരമാസത്തിനകം ടാർഗറ്റ്‌ പൂർത്തീകരിക്കാനായി. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ വാണിജ്യപ്രവർത്തനം തുടങ്ങുന്ന ഡിസംബർ ആകുമ്പോഴേക്കും ലക്ഷം കണ്ടെയ്‌നർ കൈകാര്യം ചെയ്യും. കണ്ടെയ്‌നർ തുറമുഖത്ത്‌ ഇറക്കിയതിലും കയറ്റിയതിലുമായി അഞ്ചുകോടിയലധികം രൂപ നികുതിയായി സർക്കാരിന്‌ ഇതിനകം ലഭിച്ചിട്ടുണ്ട്‌.

ചൊവ്വ, ബുധൻ ദിവസങ്ങളിലായി ഓരോ ചരക്ക്‌ കപ്പലുകൾകൂടി വിഴിഞ്ഞത്ത്‌ എത്തും. മെഡിറ്ററേനിയൻ ഷിപ്പിങ്‌ കമ്പനിയുടെ (എംഎസ്‌സി) കപ്പലുകളാണിവ. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്‌ കമ്പനിയായ എംഎസ്‌സിയുടെ കപ്പലുകളാണ്‌ ഇവിടെ വന്നതിൽ കൂടുതൽ. അത്‌ വിഴിഞ്ഞത്തിന്‌ ലഭിച്ചുകൊണ്ടിരിക്കുന്ന ആഗോളപ്രശസ്‌തിയുടെ ഭാഗമാണ്‌. രാജ്യത്തെ ഏക ഓട്ടോമാറ്റിക്‌ തുറമുഖമായ വിഴിഞ്ഞത്തുനിന്ന്‌ ട്രാൻസ്‌ഷിപ്പ്‌മെന്റ്‌ കുറഞ്ഞസമയത്തിനകം പൂർത്തിയാക്കാൻ കഴിയുന്നത്‌ കമ്പനികൾക്ക്‌ നേട്ടമായി. ഇതാണ്‌ കൂടുതൽ കപ്പലുകളെ ആകർഷിക്കുന്നത്‌. എംഎസ്‌സിയുടെ വമ്പൻകപ്പലായ ക്ലോഡ്‌ ഗിറാഡെറ്റ്‌ ഇവിടെ എത്തിയിരുന്നു. ഇതിന്‌ 399 മീറ്റർനീളവും 61.5 മീറ്റർ വീതിയുമുണ്ട്‌. ഡ്രാഫ്‌റ്റ്‌ 16.7 മീറ്ററാണ്‌. ദക്ഷിണേഷ്യയിൽ ആദ്യമായായിരുന്നു കപ്പലിന്റെ ബെർത്തിങ്‌. എംഎസ്സി അന്നയിൽ 10000 കണ്ടെയ്‌നർ കയറ്റിറക്കിയിരുന്നു.

Advertisements

 

511 ജീവനക്കാർ
വിഴിഞ്ഞം തുറമുഖത്തിൽ വിവിധവിഭാഗങ്ങളിൽ 511 പേർക്ക്‌ സ്ഥിരം ജോലി നൽകി. ഇതിൽ 280 പേർ വിഴിഞ്ഞത്തുനിന്നോ, പരിസരപ്രദേശങ്ങളിൽനിന്നുമുള്ളവരോ ആണ്‌. മൊത്തം ജീവനക്കാരിൽ 56 ശതമാനം തിരുവനന്തപുരത്തുകാരാണ്‌. കമ്മീഷനിങ്‌ ചെയ്യുമ്പോൾ ഇത്‌ കൂടും.

 

Share news