ചേവായൂരിലെ ബാങ്ക് ഇലക്ഷന് വോട്ടർമാരെ എത്തിക്കാനായി പോകുകയായിരുന്ന വാഹനങ്ങൾക്കുനേരെ തിരുവങ്ങൂരിൽ അക്രമം

കൊയിലാണ്ടി: ചേവായൂരിലെ ബാങ്ക് ഇലക്ഷന് കോൺഗ്രസിൻ്റെ വോട്ടർമാരെ എത്തിക്കാനായി പോകുകയായിരുന്ന വാഹനങ്ങൾക്കുനേരെ തിരുവങ്ങൂരിൽ അക്രമം. കൊയിലാണ്ടി മേഖലയിൽ നിന്ന് പുറപ്പെട്ട 10 വാഹനങ്ങളിൽ നാലോളം ക്രൂയിസർ വാഹനത്തിനാണ് തിരുവങ്ങൂരിൽ വെച്ച് കല്ലേറുണ്ടായത്. ഒരു വാഹനം വെങ്ങളത്തുവെച്ചും അക്രമിക്കപ്പെട്ടു. വാഹനങ്ങളുടെ ഗ്ലാസുകൾ തകർന്നിട്ടുണ്ട്. ആർക്കും പരിക്കില്ല.
.


.

കോഴിക്കോട് നിന്ന് വിവിധ ഭാഗങ്ങളിലെ വോട്ടർമാരെ അവരുടെ വീടുകളിലെത്തി വോട്ടുചെയ്യിക്കാനായി ചേവായുരിലേക്കായി കൊണ്ടുപോകാനുള്ള ശ്രമത്തിനിടയിലാണ് അക്രമം നടന്നത്. നിലവിൽ സിപിഐ(എം)ൻ്റെ പിന്തുണയോടെ കോൺഗ്രസ്സ് വിമതൻമാരാണ് ബാങ്ക് ഭരിക്കുന്നത്. ഇത് തടയുന്നതിനാണ് കോൺഗ്രസ്സ് നേതൃത്വം വാഹനങ്ങളിൽ വോട്ടർമാരെ എത്തിക്കാനായി കൊയിലാണ്ടിയിൽ നിന്ന് വാഹനവുമായി പുറപ്പെട്ടത്. 35000ത്തോളം വോട്ടർമാരുള്ള ബാങ്കാണ്. ചേവായൂർ ബാങ്ക്.


സംഭവം കോൺഗ്രസിലെ ഗ്രൂപ്പ് പോരിൻ്റെ ഭാഗമെന്നാണറിയുന്നത്. ഇതുസംബന്ധിച്ച് വാഹന ഉടമകൾ കൊയിലാണ്ടി പോലീസിൽ പരാതി നൽകി. ഇന്ന് പുലർച്ചെ നാലരക്കും അഞ്ചരക്കും ഇടയിലാണ് അക്രമം നടന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.
