KOYILANDY DIARY.COM

The Perfect News Portal

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ്: പ്രതി അഫാനുമായി പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാനുമായി പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. ചുറ്റിക വാങ്ങിയ വെഞ്ഞാറമൂടിലെ കടയില്‍ പ്രതിയെ എത്തിച്ചു. കടയുടമ അഫാനെ തിരിച്ചറിഞ്ഞിട്ടുണ്ട്. അഫാൻ കൊലപ്പെടുത്തിയ പിതൃമാതാവിന്റെ മാല പണയം വെച്ച സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. തുടർന്ന് ചുറ്റിക ഒളിപ്പിക്കാന്‍ ബാഗ് വാങ്ങിയ കടയിലെത്തിച്ചു. സ്ഥലത്ത് വൻ ആള്‍ക്കൂട്ടമുണ്ടായിരുന്നു. വന്‍ പൊലീസ് സുരക്ഷയില്‍ ആണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. തുടർന്ന്, അന്വേഷണസംഘം പാങ്ങോട് പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചെത്തി.

കഴിഞ്ഞ ദിവസം, അഫാനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തിരുന്നു. അഫാന്റെ പെരുമലയിലെ വീട്ടിലും പിതൃമാതാവ് സല്‍മാ ബീവിയുടെ വീട്ടിലും എത്തിച്ചാണ് പാങ്ങോട് പൊലീസ് തെളിവെടുത്തത്. അതേസമയം, അഫാന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നിലവില്‍ പാങ്ങോട് പൊലീസിന്റെ കസ്റ്റഡിയിലാണ് പ്രതിയുള്ളത്. വൈകിട്ട് നാലുമണിയോടെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് ആയിരിക്കും പ്രതിയെ മാറ്റുക. അവധിക്കുശേഷം കോടതി വീണ്ടും ചേരുമ്പോള്‍ കിളിമാനൂര്‍ പൊലീസ് കേസില്‍ കസ്റ്റഡി അപേക്ഷ നല്‍കും. ഇത് പരിഗണിച്ചതിന് ശേഷമായിരിക്കും മറ്റ് നടപടികള്‍ ഉണ്ടാവുക.

Share news