KOYILANDY DIARY.COM

The Perfect News Portal

സഹകരണസംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന മൂല്യവർധിത വസ്‌തുക്കൾ വിദേശ വിപണികളിലേക്ക്‌

തിരുവനന്തപുരം: കേരളത്തിലെ സഹകരണസംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന മൂല്യവർധിത വസ്‌തുക്കൾക്ക്‌ വിദേശ രാജ്യങ്ങളിലും പ്രിയമേറുന്നു. ഈ സാഹചര്യം പരിഗണിച്ച്‌ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾ കൂടുതൽ രാജ്യങ്ങളിലേക്ക്‌ കയറ്റുമതി ചെയ്യാൻ ഒരുങ്ങുകയാണ്‌ സഹകരണവകുപ്പ്‌. മന്ത്രി വി എൻ വാസവന്റെ നിർദേശപ്രകാരം വിളിച്ചുചേർത്ത യോഗത്തിൽ 22 സ്ഥാപനങ്ങൾ കയറ്റുമതിക്ക്‌ യോഗ്യമായ ഉൽപ്പന്നങ്ങൾ എത്തിക്കാൻ സന്നദ്ധതയറിയിച്ചു.

ഇവ വിദേശ മാർക്കറ്റുകളിലെത്തിക്കാൻ ഏഴ്‌ കമ്പനികളും രംഗത്തെത്തി. ഇതിൽ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനി മുഖേന അമേരിക്കയിലേക്കുള്ള ആദ്യ കണ്ടെയ്‌നർ ചൊവ്വാഴ്ച പുറപ്പെടും. അമേരിക്ക, ഇംഗ്ലണ്ട്‌, യൂറോപ്യൻ രാജ്യങ്ങൾ, ഗൾഫ്‌ നാടുകൾ എന്നിവിടങ്ങളിൽ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾക്ക്‌ സ്ഥിരം വിപണിയുണ്ടാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ മന്ത്രി വാസവൻ പറഞ്ഞു.

 

ഇന്ത്യയിൽ ആദ്യമായി സഹകരണ കയറ്റുമതികേന്ദ്രം തുടങ്ങാനും ലക്ഷ്യമിടുന്നുണ്ടെന്ന്‌ മന്ത്രി അറിയിച്ചു. 360 -ഓളം ഉൽപ്പന്നങ്ങൾ സഹകരണ സംഘങ്ങളുടേതായുണ്ട്. ഇവ ഗുണനിലവാരം ഉറപ്പാക്കി കയറ്റുമതി ചെയ്യും. ഉൽപ്പാദകർക്ക്‌ വില ലഭ്യതയും ഉറപ്പാക്കും. വെളിച്ചെണ്ണയ്ക്കാണ്‌ വിദേശത്ത്‌ ആവശ്യക്കാരേറെയുള്ളത്‌. സംസ്‌കരിച്ച ചക്ക, കപ്പ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്‌തുക്കളുടെ രുചിയും വിദേശികൾക്ക്‌ പ്രിയമാണ്‌.

Advertisements

 

കോഴിക്കോട് ആസ്ഥാനമായ നോർത്ത് മലബാർ ഡിസ്ട്രിക്ട് മാർക്കറ്റിങ് ആൻഡ് സപ്ലൈ സഹകരണസംഘം (എൻഎംഡിസി), എറണാകുളം വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക്‌ എന്നിവ വെളിച്ചെണ്ണ, വയനാടൻ ഉൽപ്പന്നങ്ങൾ, സംസ്കരിച്ച ഏത്തപ്പഴം, കൈതച്ചക്ക, ചക്കപ്പഴം തുടങ്ങിയവ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക്‌ അയക്കുന്നുണ്ട്‌. ഇവരുടെ വിജയത്തിന്റെ പിൻബലത്തിലാണ്‌ സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾക്കെല്ലാം വിദേശ വിപണി ഉറപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്‌. CO-OP KERALA എന്ന ബ്രാൻഡിങ്ങിൽ നിരവധി ഉൽപ്പന്നങ്ങൾ ആമസോണിലൂടെയും വിൽക്കുന്നുണ്ട്‌.

Share news