KOYILANDY DIARY.COM

The Perfect News Portal

വടകര താലൂക്ക് ഓഫീസ് തീവെയ്പ് കേസ്; പ്രതിയെ കോടതി വെറുതെ വിട്ടു

വടകര താലൂക്ക് ഓഫീസ് തീവെയ്പ് കേസിലെ പ്രതി നാരായണ സതീഷിനെ കോടതി വെറുതെവിട്ടു. വടകര അസിസ്റ്റന്‍റ് സെഷന്‍സ് കോടതിയാണ് പ്രതിയെ വെറുതെ വിട്ടത്. സമാനമായ മൂന്ന് കേസുകളിലും പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ല. ഈ കേസുകളിലും പ്രതിയെ കോടതി വെറുതെ വിട്ടു.

2022 ഡിസംബർ 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാരായണ സതീഷിനെ പിടികൂടിയ സമയത്ത് പ്രതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണന്നും രാത്രി കിടക്കാനായി താലൂക്ക് ഓഫീസ് കെട്ടിടത്തിൽ എത്തിയപ്പോൾ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു എന്നുമാണ് പൊലീസ് പറഞ്ഞത്. ശാസ്ത്രീയ തെളിവുകളും പ്രതിക്കെതിരെ ഉണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാൽ ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും പൊലീസ് കുറ്റം കെട്ടിവയ്ക്കുകയാണെന്നുമാണ് സ്ഥലം എംഎൽഎ പ്രതികരിച്ചത്.

 

ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെ കെ രമ അന്ന് ആവശ്യപ്പെട്ടിരുന്നു. തീവെയ്പ് ഉണ്ടായ സ്ഥലത്ത് സിസിടിവിയോ സുരക്ഷാ ഉദ്യോഗസ്ഥനോ ഉണ്ടായിരുന്നില്ല. തീപിടിത്തത്തിൽ മൂന്ന് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. അതേസമയം 2022 ഡിസംബര്‍ മാസത്തിൽ താലൂക്ക് ഓഫീസിൽ മൂന്ന് തവണയാണ് തീയിട്ടത്. ഡിസംബര്‍ 12, 13 തീയതികളിൽ തീവയ്പ്പുണ്ടായപ്പോൾ തന്നെ ഇത് വീണ്ടും സംഭവിക്കുമെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാൽ ലോക്കൽ പൊലീസ് ഇത് അവഗണിക്കുകയായിരുന്നു.

Advertisements
Share news