KOYILANDY DIARY.COM

The Perfect News Portal

ഉഷ ജോസഫിന്‍റെ ശസ്ത്രക്രിയ പൂർത്തിയായി; വയറ്റിൽ കുടുങ്ങിയിരുന്ന കത്രിക പുറത്തെടുത്തു

.

കൊച്ചി: വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിന് പിന്നാലെ വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ പൂർത്തിയായി. കൊച്ചി അമൃത ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ ഉഷയുടെ വയറ്റിലുണ്ടായിരുന്ന കത്രിക പുറത്തെടുത്തു. ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അമൃത ആശുപത്രിയിലെ ഡോക്ടർമാർക്കൊപ്പം എറണാകുളം മെഡിക്കൽ കോളെജിലെ ഡോക്ടർമാരും ശസ്ത്രക്രിയക്ക് നേതൃത്വം നൽകി. പുറത്തെടുത്ത കത്രിക ആശുപത്രി അധികൃതർ അമ്പലപ്പുഴ പൊലീസിന് കൈമാറി.

 

സംഭവത്തിൽ ഉഷ ജോസഫിന്റെ ഭർതൃ സഹോദരി നൽകിയ പരാതിയിൽ അന്നത്തെ ഗൈനക്കോളജി വകുപ്പ് മേധാവിയായിരുന്ന ഡോ. ലളിതാംബികയെ മാത്രം പ്രതി ചേർത്ത് പൊലീസ് കേസെടുത്തു. ഡോ. ഷാഹിദയാണ് ഉഷ ജോസഫിന്റെ ശസ്ത്രക്രിയ നടത്തിയതെന്ന് വണ്ടാനം മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കിയിരുന്നു. 

Advertisements

 

2021 മെയ് മാസത്തിലാണ് ഉഷ ജോസഫിന്റെ വയറ്റിൽ നിന്നും മുഴ നീക്കാനുള്ള ശസ്ത്രക്രിയ നടക്കുന്നത്. ശസ്ത്രക്രിയക്ക് പിന്നാലെ കഠിനമായ വേദന അനുഭവപ്പെട്ടിരുന്നു എന്നാണ് ഉഷ നൽകിയ പ്രതികരണത്തിൽ പറഞ്ഞത്. ആശുപത്രികളിൽ മാറിമാറി പോയി ചികിത്സ തേടിയിട്ടുണ്ടെന്നും അവർ പറയുന്നുണ്ട്. മൂത്രത്തിലൂടെ രക്തം പോകാൻ തുടങ്ങിയപ്പോഴാണ് താൻ ടെസ്റ്റുകൾ നടത്തിയത്. ജോലിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥയായിരുന്നു. മൂത്രസഞ്ചിയിൽ കല്ലാണ് എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് എക്സ്റേ എടുത്തപ്പോഴാണ് വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കണ്ടത് എന്നുമാണ് ഉഷയുടെ വാക്കുകൾ. ഇതിന് പിന്നാലെയാണ് കൊച്ചിയലെ ആശുപത്രിയിൽ ഉഷയെ പ്രവേശിപ്പിച്ചത്.

Share news