KOYILANDY DIARY

The Perfect News Portal

യുപിഐ ഇടപാട്: തട്ടുകട ഉടമയുടെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആയി

യുപിഐ ഇടപാട്: തട്ടുകട ഉടമയുടെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആയി. താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ദുബായ് തട്ടുകട ഉടമ സാജിറിൻ്റെ അക്കൗണ്ടാണ് ഫ്രീസ് ചെയ്യപ്പെട്ടത്. തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച ജയ്പൂർ സ്വദേശി 263 രൂപ യുപിഐ ആയി ട്രാൻസ്ഫർ ചെയ്തതിന് പിന്നാലെയാണ് അക്കൗണ്ട് ബ്ലോക്ക് ആയത്.

രാജസ്ഥാൻ ജയ്പൂർ ജവഹർ സർക്കിൾ പൊലീസിൻ്റെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് ആക്സിസ് ബാങ്ക് നൽകിയ വിശദീകരണം. നേരത്തെ ഇപ്രകാരം പലരുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. തുടർന്ന് പ്രതിഷേധവും പരാതികളുമുയർന്നതോടെ ബാങ്കുകൾ അവ നീക്കുകയായിരുന്നു. കടയിലെ ദൈനംദിന കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന പണമാണ് തടഞ്ഞുവെച്ചതെന്ന് സാജിർ പറഞ്ഞു.
13 ലക്ഷം രൂപ വെട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് പണം കൈമാറിയതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവ് പ്രകാരമാണ് പൊലീസ് നടപടിയെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. ബാങ്കിന് സൈബർ സെൽ പൊലീസ് (NCRP) യിൽ നിന്നാണ് നിർദ്ദേശം ലഭിച്ചതെന്നും കൂടുതൽ വിവരങ്ങൾ അറിയാൻ ജയ്പൂർ ജവഹർ നഗർ സർക്കിൾ ഓഫീസറെ ബന്ധപ്പെടണമെന്നുമാണ് ആക്സിസ് ബാങ്ക് അധികൃതർ രേഖാമൂലം അറിയിച്ചിരിക്കുന്നത്.
Advertisements