അശാസ്ത്രീയമായ കല്ലുമ്മക്കായ വളർത്തൽ അവസാനിപ്പിക്കണം. സിഐടിയു

കൊയിലാണ്ടി: അശാസ്ത്രീയമായ കല്ലുമ്മക്കായ വളർത്തൽ അവസാനിപ്പിക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. കോരപ്പുഴയിൽ ആനപ്പാറ മുതൽ തോരായിക്കടവ് വരെ മത്സ്യപ്രജനനം അസാധ്യമാക്കുന്ന തരത്തിൽ അങ്ങേയറ്റം അശാസ്ത്രീയമായി കല്ലുമ്മക്കായ വളർത്തലും സ്വകാര്യ മത്സ്യഫാമുകളിൽ നിന്നും രാസലായനി അടങ്ങിയ മാലിന്യങ്ങൾ പുഴയിലേക്ക് നേരിട്ട് പുറന്തള്ളുന്നതും മൂലം പുഴയിൽ നാളിതുവരെ ഇല്ലാത്ത വിധം മത്സ്യ സമ്പത്ത് കുറഞ്ഞിരിക്കുന്നു. മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന മത്സ്യതൊഴിലാളി കുടുംബങ്ങൾ നിത്യവൃത്തിക്ക് വകയില്ലാതെ വറുതിയിലായിരിക്കയാണെന്ന് മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കൺവെൻഷൻ അഭിപ്രായപ്പെട്ടു.

ജീവിത പ്രയാസത്താൽ മറ്റു ജോലി തേടി പോകേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ഇത്തരം നിയമവിരുദ്ധ പ്രവർത്തികൾക്ക് എതിരെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് കൊളക്കാട് ചേർന്ന ചേമഞ്ചേരി – കൊളക്കാട് മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കമ്മിറ്റി കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ ഏരിയാ സെക്രട്ടറി സി.എം. സുനിലേശൻ ഉദ്ഘാടനം ചെയ്തു. കൊളക്കാട് രാജൻ അധ്യക്ഷത വഹിച്ചു.

ഹാരിസ്.കെ.വി. സ്വാഗതം പറഞ്ഞു. രവിത്ത് കെ.കെ. സംസാരിച്ചു. കോരപ്പുഴ ഡ്രഡ്ജിംഗ് ആരംഭിച്ചതിലും മത്സ്യതൊഴിലാളികളുടെ കുട്ടികൾക്കുള്ള ഇ-ഗ്രാൻ്റ് അനുവദിച്ചതിലും സർക്കാരിനെ യോഗം അഭിനന്ദിച്ചു.
