മൊടക്കല്ലൂർ മെഡിക്കൽ കോളജിൽ ഗർഭസ്ഥ ശിശുവും അമ്മയും മരിച്ചു
ഉള്ള്യേരി: മലബാർ മെഡിക്കൽ കോളജ് (MMC) സ്വകാര്യ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ചതിനു പിന്നാലെ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ അമ്മയും മരിച്ചു. ചികിത്സാ പിഴവെന്ന് ആരോപണം. അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ. എകരൂൽ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി (35) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

അശ്വതിയുടെ കുഞ്ഞ് വ്യാഴാഴ്ച പുലർച്ചെ മരിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് അശ്വതിയെ പ്രസവത്തിനായി മൊടക്കല്ലൂരിലെ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെയും കുഞ്ഞിൻ്റെയും മരണ കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ ഉടൻ കണ്ടെത്തണമെന്ന് ഡിവൈഎഫഐ ആവശ്യപ്പെട്ടു.

