കേന്ദ്ര ബജറ്റിൽ കേരളത്തിന് വേണ്ടി യുഡിഎഫ് എംപിമാർ ഒരുമിച്ച് നിൽക്കാമെന്ന് ഉറപ്പ് നൽകി; മന്ത്രി കെ എൻ ബാലഗോപാൽ

കേന്ദ്ര ബജറ്റിൽ കേരളത്തിന് വേണ്ടി യുഡിഎഫ് എംപിമാർ ഒരുമിച്ച് നിൽക്കാമെന്ന് ഉറപ്പ് നൽകിയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കഴിഞ്ഞ തവണത്തേതുപോലെ വാക്ക് മാറ്റില്ല എന്ന് പ്രതീക്ഷിക്കുന്നുവെന്നും, ബജറ്റിന് മുൻപായി ധന മന്ത്രിയെ കേരളത്തിന്റെ ആവശ്യങ്ങൾ അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു.

‘24000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കേരളം കേന്ദ്രത്തിനോട് ചോദിച്ചു. കൃത്യമായ കണക്കുകൾ പ്രകാരമാണ് തുക അനുവദിക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിന് നൽകാനുള്ള മുഴുവൻ തുകയുടെ അത്രയും വരില്ല ഇപ്പോൾ ചോദിച്ച തുക. എല്ലാം ചൂണ്ടിക്കാട്ടിയാണ് തുക അനുവദിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്’, മന്ത്രി പറഞ്ഞു.

‘ദേശീയ പാതക്ക് ഭൂമി ഏറ്റെടുക്കാൻ 25% സംസ്ഥാന സർക്കാർ വഹിച്ചു. 6500 കോടിയാണ് കൊടുക്കാമെന്ന് ഉറപ്പ് നൽകിയത്. ഇതിൽ 6000 കോടി കൊടുത്തു. മറ്റ് സംസ്ഥാനങ്ങളും പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞത്തിന് 5000 കോടി അനുവദിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രാൻഡിങ്ങിന്റെ പേരിൽ പല വിഹിതവും വെട്ടിക്കുറച്ചിട്ടുണ്ട്. ഈ ശൈലി കേന്ദ്ര സർക്കാർ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബജറ്റിൽ സംസ്ഥാനത്തിന്റെ ആവശ്യത്തിന് പരിഗണന കിട്ടും എന്നാണ് പ്രതീക്ഷ’, കെ എൻ ബാലഗോപാൽ പറഞ്ഞു.

‘രാജ്യത്തെ നിലവിലെ പ്രതിപക്ഷ ഐക്യം ഈ ബജറ്റിൽ ഗുണകരമാകും എന്നാണ് കരുതുന്നത്. എന്നാൽ 15000 കോടി സംസ്ഥാനത്തിന് നഷ്ടമായി എന്നാണ് വിദഗ്ധർ തന്നെ വ്യക്തമാക്കുന്നത്. സംസ്ഥാനം നിരന്തരം പറയുന്നതും ഇതാണ്. ഒന്നാം പിണറായി സർക്കാരിന്റെ ഒരു വർഷത്തെ ചിലവ് 120000 കോടിയാണ്. രണ്ടാം പിണറായി സർക്കാരിന്റെ വർഷത്തെ ചിലവ് 160000 കോടിയും.

ചെലവുകൾ വെട്ടിച്ചിരിക്കുന്നു എന്നത് ശരിയല്ല. ശമ്പള പരിഷ്കരണം നടപ്പിലാക്കിയ രാജ്യത്തെ 2 സംസ്ഥാനങ്ങളിൽ 1 കേരളമാണ്. 40000 കോടി അധികമാണ് ചെലവാക്കുന്നത്. കിഫ്ബി പദ്ധതികൾക്കും പണം ചെലവാക്കുന്നുണ്ട്. 5500 കോടിയാണ് വിഴിഞ്ഞത്തിന് സർക്കാർ നൽകുന്നത്’, മന്ത്രി കൂട്ടിച്ചേർത്തു.
