യു. രാജീവൻ മാസ്റ്റർ സ്മാരക ട്രസ്റ്റ് രൂപീകരണം. കൊയിലാണ്ടി കോൺഗ്രസിൽ പൊട്ടിത്തെറി

കൊയിലാണ്ടി: യു. രാജീവൻ മാസ്റ്റർ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയിലെ കോൺഗ്രസിൽ ആഭ്യന്തര കലാപം. 22ന് പ്രതിപക്ഷ നേതാവ് ട്രസ്റ്റ് ഉദ്ഘാടനം ചെയ്യാനിരിക്കെ. 23ന് മറ്റൊരു വിഭാഗത്തിൻ്റെ നിയന്ത്രണത്തിലുള്ള സമാന്തര പരിപാടിയായി യു. രാജീവൻ സാംസ്ക്കാരിക വേദി അനുസ്മരണവും സംഘടിപ്പിക്കുന്നു. ഇത് കോൺഗ്രസിൽ വൻ പൊട്ടിത്തെറിയാണ് ഉണ്ടാകാൻ പോകുന്നത്. രാജീവൻ മാസ്റ്ററുമായി അടുപ്പമുള്ള ആരെയും ഉൾപ്പെടുത്താതെ പാർട്ടിയിലെ ചില തൽപ്പരകക്ഷികൾ ചേർന്ന് അതീവ രഹസ്യമായി ഉണ്ടാക്കിയ ട്രസ്റ്റ് ഉദ്ഘാടനവുമായി സഹകരിക്കില്ലെന്നാണ് ഒരു വിഭാഗം വ്യക്തമാക്കുന്നത്. പലരും പരസ്യ പ്രതികരണത്തിലേക്ക് കടക്കുമെന്നാണ് അറിയുന്നത്. 22ന് സൂരജ് ഓഡിറ്റോറിയത്തിൽ ട്രസ്റ്റ് ഉദ്ഘാടനവും, 23ന് സിഎച്ച് ഓഡിറ്റോറിയത്തിൽ സാംസ്ക്കാരികവേദിയുടെ അനുസ്മരണ പരിപാടിയുമാണ് നടക്കുന്നത്.

ബ്ലോക്ക് പ്രസിഡണ്ടിൻ്റെയും ഡിസിസി പ്രസിഡണ്ടിൻ്റെ മൌനാനുവാദത്തോടെയാണ് രഹസ്യ യോഗം ചേർന്നതെന്നാണ് അറിയുന്നത്. 22ന് നടക്കുന്ന പരിപാടിക്കുശേഷം മണിക്കുറുകൾക്കുള്ളിൽ തന്നെ 23ന് മറ്റൊരു വിഭാഗം പരിപാടിയുമായി രംഗത്ത് വരുന്നതോടെ കോൺഗ്രസിൽ ഉണ്ടാകുന്ന പൊട്ടിത്തെറി ഏങ്ങിനെ പരിഹരിക്കുമെന്നാണ് അണികളുടെ ആശങ്ക. സംഭവത്തിൽ കെപിസിസി നേതൃത്വത്തിന് നിരവധി പരാതികൾ പോയതായാണ് അറിയുന്നത്.

പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയ സാമ്പത്തിക ക്രമക്കേടുകളിൽപെട്ട ചില വ്യക്തികളാണ് ട്രസ്റ്റ് നിയന്ത്രിക്കുന്നതെന്നും ഇതുമായി സഹകരിക്കാൻ തയ്യാറല്ലെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്. ഇതിനെതിടെ രാജീവൻ മാസ്റ്ററുടെ കുടുംബം ജില്ലാ നേതൃത്വത്തിന് കത്തിലൂടെയും ഫോണിലൂടെയും പരാതി അറിയിച്ചിട്ടും അവജ്ഞയോടെ തള്ളുകയാണ് ഉണ്ടായതെന്നും ഒരു പ്രമുഖ നേതാവ് ഡയറിയോടു പറഞ്ഞു. കുടുംബവും ട്രസ്റ്റുമായി സഹകരിക്കില്ലെന്നാണ് അറിയുന്നത്.

ചാരിറ്റിയുടെ മറവിൽ ലക്ഷങ്ങൾ സമ്പാദിക്കാനുള്ള വ്യഗ്രതയിലാണ് ചിലരെന്നും. സ്റ്റേജിൽ കയറി നിന്ന് കോൺഗ്രസ്സിനകത്ത് ഒരു വിഭാഗീയതയയും വെച്ചു പൊറുപ്പിക്കില്ലാഎന്ന് നാഴികയ്ക്കു നാൽപ്പതുവട്ടവും പ്രസംഗിക്കുന്ന DCC പ്രസിഡൻ്റിൻ്റെ ഇരട്ടത്താപ്പ് പാർട്ടി അനുഭാവികൾക്കും പൊതു ജനങ്ങൾക്കും മനസ്സിലായതായും ഇവർ പറഞ്ഞു.

കഴിഞ്ഞ സർവ്വീസ് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പിൽ സംഭവിച്ചതും ഇതുതന്നെയാണെന്നാണ് ഇവർ പറയുന്നത്. മണ്ഡലം കമ്മിറ്റി മീറ്റിങിൽ ഐക്യകണ്ഠേന സ്ഥാർനാർത്ഥി ലിസ്റ്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് വൈസ് പ്രസിഡൻ്റടക്കം 2 വ്യക്തികളുടെ സ്ഥാനാർത്ഥിത്വം മരവിപ്പിച്ച് 2 റിബൽ സ്ഥാനാർത്ഥികളെ ബോർഡു മെമ്പർ സ്ഥാനത്തേക്ക് തിരുകികയറ്റിയതും DCC പ്രസിഡണ്ടാണെന്നാണ് ഇവരുടെ മറ്റൊരു ആരോപണം.
ഇപ്പോൾ കൊയിലാണ്ടിയിൽ പഴയ DIC ക്കാരെ മാത്രം മുൻ നിർത്തി നടത്തുന്ന ഒരു തരം ഷോ വർക്ക് മാത്രമാണ് രാഷ്ട്രീയ പ്രവർത്തനമെന്നും മദ്യലഹരിയിൽ ചിലർ പടച്ചുവിടുന്ന കാര്യങ്ങളാണ് ഡി.സി.സി. പ്രസിഡണ്ട് പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നതെന്നും ഇങ്ങനെ പോയാൽ കൊയിലാണ്ടിയിൽ കോൺഗ്രസ്സ് സംഘടന സംവിധാനം നിലംപരിശാകുമെന്നും ഇവർ ഭയപ്പെടുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ കോൺഗ്രസിലെ അനൈക്യം കൂടുതൽ കലാപകലുഷിതമാകുമെന്നാണ് അറിയുന്നത്. എന്നാൽ കൊയിലാണ്ടിയിലെ കോൺഗ്രസിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നും ചിലർ ഉന്നയിച്ചതായി പറയുന്ന ആരോപണങ്ങൾ വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്നും ബ്ലോക്ക് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന പരിപാടി വൻ വിജയമാക്കുമെന്നും നേതൃത്വം പറഞ്ഞു.
