KOYILANDY DIARY

The Perfect News Portal

എടവണ്ണയിൽ ബൈക്ക് യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി 26 ലക്ഷം രൂപ കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം: എടവണ്ണയിൽ ബൈക്ക് യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി 26 ലക്ഷം രൂപ കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ രാമപുരം സ്വദേശി വിമൽ കുമാർ എന്ന ഉണ്ണി (32), ആലപ്പുഴ മുതുകുളം സ്വദേശിയും മുതുകുളം പഞ്ചായത്ത് മെമ്പറുമായ കടേശ്ശേരിൽ മിഥുലേഷ് (30) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം ആലപ്പുഴയിൽ നിന്നും പിടികൂടിയത്.

ഇവർ അന്തർസംസ്ഥാന കവർച്ചാ സംഘമാണെന്നും ഇവരെ സഹായിച്ച രണ്ട് പേരെയാണ് പിടികൂടിയതെന്നും പോലീസ് പറഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാർ വാടകക്കെടുത്തു കൊടുത്തതും സംഭവത്തിനു ശേഷം പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചതിനുമാണ് മിഥുലേഷിനെ അറസ്റ്റ് ചെയ്തത്. കവർച്ചയെ കുറിച്ച് ഇയാൾക്ക് അറിവുണ്ടായിരുന്നു എന്നും പോലീസ് പറഞ്ഞു.

ഏപ്രിൽ മൂന്നാം തീയതി ഉച്ചയോടെയാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. ഇരുമ്പുഴി സ്വദേശിയായ യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കിനെ സ്വിഫ്റ്റ് കാറിലും ബൈക്കിലുമായി സംഘം പിൻതുടർന്നു. കോഴിക്കോട് നിലമ്പൂർ പാതയിൽ കുണ്ടോട് പെട്രോൾ പമ്പിന് സമീപം എത്തിയപ്പോൾ ബൈക്കിൽ ഇടിച്ചു വീഴ്ത്തി. ശേഷം  ബലമായി യുവാവിനെ കാറിൽ പിടിച്ചു കയറ്റുകയായിരുന്നു. ബൈക്കിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 26 ലക്ഷം കവർന്ന പ്രതികൾ ബൈക്ക് റോഡരികിൽ ഉപേക്ഷിച്ചു. യുവാവിനെ കാറിൽ വെച്ചു മർദ്ദിച്ച ശേഷം മൊബൈലും പഴ്സും പിടിച്ചു വാങ്ങി മമ്പാട് മേപ്പാടത്ത് ഇറക്കിവിട്ടു.

Advertisements

തുടർന്ന് യുവാവിൻ്റെ പരാതിയിൽ കേസ്സ് രജിസ്റ്റർ ചെയ്ത പോലീസ് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം നിലമ്പൂർ ഡിവൈഎസ്പി സാജു കെ അബ്രഹാമിൻ്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യാജ നമ്പർ പ്ലേറ്റു വെച്ച കാറാണ് കുറ്റകൃത്യത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്.

തുടർന്നു സമാന കുറ്റകൃത്യങ്ങളിൾ ഉൾപ്പെട്ട കുറ്റവാളികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മുമ്പും നിരവധി കവർച്ചാ കേസ്സുകളിൽ ഉൾപ്പെട്ട സംഘത്തെ കുറിച്ച് സൂചന ലഭിച്ചത്. ആലപ്പുഴയിൽ നിന്നും വാടകക്കെടുത്ത കാറാണ് കുറ്റകൃത്യത്തിന് ഉപയോഗിച്ചത്. കാർ വാടകക്കെടുത്തു കൊടുത്തതും സംഭവത്തിനു ശേഷം പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചതും ആറസ്റ്റലായ പ്രതി മിഥുലേഷാണ്. സംഘത്തിലുൾപ്പെട്ട മറ്റുള്ളവരെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട് എന്നും കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും അന്വേഷണസംഘം അറിയിച്ചു.