KOYILANDY DIARY

The Perfect News Portal

പെരുമാൾപുരത്ത് ഓട്ടത്തിനിടെ തീ ആളിപടർന്ന കാറിൽ നിന്ന് രണ്ട് പേരെ രക്ഷപ്പെടുത്തി

ദേശീയപാതയിൽ പയ്യോളി പെരുമാൾപുരത്ത് അമൽ ഹോസ്പിറ്റലിന് സമീപം തീ പിടിച്ച കാറിൽനിന്ന് യാത്രക്കാരെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ ഡ്രൈവർമാരായ വിനുവും, സതീശനും ധീരമായ നേതൃത്വമാകുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് 7 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് വരികയായിരുന്ന അയനിക്കാട് ചെത്തിൽ അബൂബക്കർ (70), സഹോദരൻ്റെ മകൻ അർഷാദ് (34) എന്നിവരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഓടുന്ന കാറിൽ നിന്ന് തീ ആളിക്കത്തിയ ഉടനെ ഡ്രൈവർ കാർ ഒരുവിധത്തിൽ സൈഡാക്കി നിർത്തുകയായിരുന്നു. അപ്പോഴേക്കും ഡ്രൈവർക്ക് ബോധക്ഷയം സംഭവിച്ചിരുന്നു.
ആ സമയത്ത് അതുവഴി ബൈക്കിൽ വന്ന കൊയിലാണ്ടി താലൂക്ക് ഓഫീസിലെ ഡ്രൈവർ വിനു ബൈക്ക് സൈഡിൽ നിർത്തി ഡ്രൈവറുടെ സീറ്റിലുണ്ടായിരുന്ന ആളെ ഡോർ തുറന്ന് പുറത്തേക്കെടുത്തു രക്ഷപ്പെടുത്തി. അതിനിടയിൽ കാറിൻ്റെ പിറകിലെ സീറ്റിലിരുന്ന് സഞ്ചരിച്ച മറ്റൊരാൾ കാറിൽ നിന്ന് ഒരുവിധത്തിൽ ഡോർ തുറന്ന് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. തുടർന്ന് വിനുവും സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ സതീശനും ബഹളംവെച്ച് ആളെകൂട്ടി സമീപത്തുള്ള വീട്ടിൽ നിന്ന് പമ്പ് സെറ്റ് ഉപയോഗിച്ച് കാറിനുള്ളിലേക്ക് വെള്ളംചീറ്റി ഒരുവിധം തീയണക്കാനുള്ള ശ്രമം നടത്തി. വിനുവിൻ്റെ സമയോചിതമായ ഇടപെടലാണ് കാർ ഡ്രൈവറുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത്.
Advertisements
വിനു ഉടൻതന്നെ കൊയിലാണ്ടി ഫയർസ്റ്റേഷൻ ഓഫീസറെ നേരിൽ വിളിച്ച് സംഭവം വിശദീകരിച്ചതിൻ്റെ ഭാഗമായി കൊയിലാണ്ടിയിൽ നിന്ന് അഗ്നിശമന സേനഎത്തി കാറിനുള്ളിൽ പടർന്നുപിടിച്ച് തീ പൂർണ്ണമായും ഇല്ലാതാക്കി. കാറിന്റെ മുൻവശത്ത് നിന്നാണ് തീ ഉയർന്നതെന്ന് പറയുന്നു. അതുവഴി പോയ വിനു എന്നയാളും, ഓട്ടോ ഡ്രൈവർ സതീശനും, ഓടിക്കൂടിയ നാട്ടുകാരുമാണ് ഫയർഫോഴ്സ് എത്തുന്നതിന് മുമ്പേ തീയണച്ച് വലിയൊരു ദുരന്തത്തിൽൽ നിന്ന് രക്ഷപ്പെടുത്താൻ സഹായിച്ചത്.